കൊല്ലങ്കോട് പഴക്കം ചെന്ന കൂറ്റൻ വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. ടാങ്ക് തകർന്നുവീണതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലജ് ഓഫീസിൻ്റ മതിലും ഗേറ്റും പൂർണമായും തകരുകയും ചെയ്തു.
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് പഴക്കം ചെന്ന കൂറ്റൻ വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. ടാങ്ക് തകർന്നുവീണതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലജ് ഓഫീസിൻ്റ മതിലും ഗേറ്റും പൂർണമായും തകരുകയും ചെയ്തു. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് കെട്ടിടം പൊളിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. കരാർ കമ്പനിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി വാട്ടർ അതോറിറ്റി അറിയിച്ചു.
ടാങ്ക് പൊളിക്കുന്ന സമയത്ത് പരിസരത്ത് നിരവധി ആളുകളും വാഹനങ്ങളും ഉണ്ടായിരുന്നു. വാട്ടർ ടാങ്ക് പൊളിച്ചുനീക്കുമ്പോൾ ആവശ്യമായ മുൻകരുതലുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ലെന്ന വിമർശനം ശക്തമാണ്. കരാർ കമ്പനി പഞ്ചായത്തിനെയും വിവരമറിയിച്ചില്ല. ഘട്ടം ഘട്ടമായി പൊളിക്കാനാണ് കരാറുകാർക്ക് നിർദേശം നൽകിയതെങ്കിലും അവർ പാലിച്ചില്ലെന്ന് വാട്ടർ അതോറിറ്റി നെന്മാറ എഇ അറിയിച്ചു. അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എല്ലാ നാശനഷ്ടങ്ങൾക്കും ഉത്തരവാദി കരാറുകാരാണെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി.
