കൊച്ചി: കേരളത്തിന് മുഴുവന്‍ അപമാനം സൃഷ്ടിച്ച പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ മുന്‍ മന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് വിജിലന്‍സ്. സര്‍ക്കാര്‍ അനുമതി രേഖാമൂലം ലഭിച്ചാല്‍ നോട്ടീസ് നല്‍കി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യല്ലിനായി വിളിച്ചു വരുത്താനാണ് വിജിലന്‍സിന്‍റെ തീരുമാനം. 

ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ത്ത് കോടതിയില്‍ നേരിട്ട് റിപ്പോര്‍ട്ട് നല്‍കണോ അതോ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തില്‍ സര്‍ക്കാരിനോട് അഭിപ്രായം തേടിയ ശേഷമായിരിക്കും വിജിലന്‍സ് മുന്നോട്ട് നീങ്ങുക. മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് വിജിലന്‍സ് നീക്കമെങ്കില്‍ യുഡിഎഫിന് അതൊരു രാഷ്ട്രീയ വെല്ലുവിളിയായി മാറും.

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാർ കമ്പനിയായ ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് തെളിവായി വിജിലൻസ് ശേഖരിച്ചിട്ടുള്ളത്. 

കരാറിലില്ലാത്ത പണം അഡ്വാൻസ് നൽകുന്നതിനെ ചില ഉദ്യോഗസ്ഥർ രേഖാമൂലം തന്നെ എതിർത്തെങ്കിലും തുക അനുവദിക്കാൻ മന്ത്രി നിർദ്ദശിക്കുകയായിരുന്നു. പലിശ ഇളവിലൂടെ എട്ട് കോടി രൂപ കരാർ കമ്പനിക്ക് നൽകിയത് വഴി 54 ലക്ഷം രൂപ ഖജനാവിന് നഷ്ടമായെന്ന് കൺട്രോളർ ആന്‍റ് ഓഡിറ്റർ ജനറലും കണ്ടെത്തിയിരുന്നു. 

ഈ തെളിവുകൾ അനുസരിച്ച് മന്ത്രിയെ അഴിമതിയിൽ പ്രതി ചേർക്കാമെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. അനുമതിയുടെ രേഖകൾ ലഭിച്ചാൽ ഉടൻ നോട്ടീസ് നൽകി വിളിപ്പിക്കും. എന്നാൽ അറസ്റ്റ് കാര്യത്തിൽ സർക്കാർ നിലപാട് കൂടി വിജിലൻസ് തേടും. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാതെ പ്രതി ചേർത്ത് കോടതിയിൽ റിപ്പോട്ട് കൊടുക്കണമോ എന്ന കാര്യത്തിലാണ് സർക്കാറിനെ സമീപിക്കുക. അടുത്ത ആഴ്ച തന്നെ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സിന്‍റെ നീക്കം. നിയമസഭാ സമ്മേളനം നടക്കുന്ന കാലത്താണെങ്കിൽ സ്പീക്കറുടെ അനുമതിയും വിജിലന്‍സിന് വാങ്ങേണ്ടി വരും. 

അതേസമയം മുന്നണിയിലെ പ്രധാനിയായ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണാനുമതി മുസ്ലീംലീഗിനും യുഡിഎഫിനും കനത്ത തിരിച്ചടിയാവും. ടി.ഒ.സൂരജടക്കം പ്രതിസ്ഥാനത്തുള്ളവര്‍ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് ഇതിനകം വിജിലന്‍സിനോട് സമ്മതിച്ച കേസില്‍ വിജിലന്‍സ് പിടിമുറുക്കിയാല്‍ യുഡിഎഫ് നേതൃത്വത്തിന് ഇതിന്‍റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് ഇത്തരമൊരു അഴിമതി കേസില്‍ ഉന്നതനേതാവ് കുടുങ്ങിയെന്നതും ശ്രദ്ധേയമാണ്. 

പാലാരിവട്ടം പാലം അഴിമതിക്കേസ് സംസ്ഥാനത്ത് ഉന്നതതലത്തില്‍ നടക്കുന്ന അഴിമതിയുടെ പ്രതീകമായാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെടുന്നത്. പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ്, കരാര്‍ കമ്പനിയുടെ ഉന്നതര്‍ എന്നിവരെല്ലാം ആഴചകളോളം നേരത്തെ ജയിലിലായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവരെല്ലാം മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് തുറന്ന് പറഞ്ഞിരുന്നു. 

അഴിമതി സാധൂകരിക്കുന്ന രേഖകളും വിജിലന്‍സിന് കിട്ടിയിട്ടുണ്ട്. അന്വേഷണം ഇബ്രാഹിംകുഞ്ഞിലേക്ക് കേന്ദ്രീകരിക്കേണ്ട ഘട്ടത്തിലാണ് ഗവര്‍ണറുടെ അന്വേഷണാനുമതിക്കായി ഫയലെത്തുന്നത്. മുസ്ലീംലീഗിലേയും യുഡിഎഫിലേയും പ്രമുഖനായ ഇബ്രാഹിംകുഞ്ഞിനെ തൊടാന്‍ വിജിലന്‍സിന് കഴിയുമോയെന്ന സംശയവും ഉണ്ടായിരുന്നു. ഹൈക്കോടതിയും ഈ കേസിന്‍റെ അന്വേഷണ പുരോഗതി ചോദിക്കുന്നുണ്ടായിരുന്നു. 

കാത്തിരിപ്പിനൊടുവില്‍ അന്വേഷണാനുമതി വരുമ്പോള്‍ യുഡിഎഫിന് അത് കനത്ത തിരിച്ചടിയാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ഇതില്‍ പങ്കുണ്ടന്ന ആരോപണവുമായി സിപിഎം - എല്‍‍ഡിഎഫ് കേന്ദ്രങ്ങള്‍ നേരത്തെ രംഗത്തെത്തിയതാണ്. അന്വേഷണം നടക്കെട്ടെയെന്നായിരുന്നു യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രതികരിച്ചിരുന്നത്.

പഞ്ചായത്ത് തെരഞ്ഞെുടുപ്പിന്‍റെ ഒരുക്കങ്ങളിലേക്ക് പാര്‍ട്ടികള്‍ കടക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വലിയ അഴിമതിക്കേസില്‍ യുഡിഎഫിന്‍റെ ഉന്നതനേതാവുള്‍പ്പെടുന്നത് എന്നതാണ് തിരിച്ചടി. കൃത്യമായ തെളിവുള്ള കേസില്‍ അറസ്റ്റിലേക്കും തുടര്‍ നടപടികളിലേക്കും പോയാല്‍ പാലാരിവട്ടം അഴിമതി വീണ്ടും സജീവ ചര്‍ച്ചയാകും. യുഡിഎഫ് നേതൃത്വമൊന്നാകെ മറുപടി പറയേണ്ട കേസായി പാലാരിവട്ടം മാറുന്നു എന്നതാണ് അവരുടെ ഏറ്റവും വലിയ തലവേദന