തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമ്മാണത്തിൽ അതീവ ഗുരുതരക്രമക്കേട് കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ  ഇരുപത് വർഷത്തിനുള്ളിൽ പാലം പൂർണ്ണമായും തകർന്ന് വീഴും. നൂറ് വർഷം ഉപയോഗിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച പാലമാണ് ഈ അവസ്ഥയിൽ ആയിരിക്കുന്നത്. അതിനാൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് റിപ്പോർട്ട് പറയുന്നത്.

സിമന്‍റും കമ്പിയും ആവശ്യത്തിന് ഉപയോഗിച്ചില്ലെന്നും ഇ ശ്രീധരന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പാലത്തിന് 18 പിയർകാപ്പുകളാണ് ഉള്ളത്, ഇതിൽ പതിനാറിലും പ്രത്യക്ഷത്തിൽ തന്നെ വിള്ളലുള്ളതായി പരിശോധനയിൽ കണ്ടെത്തി. ഇതിൽ മൂന്നെണ്ണം അങ്ങേയറ്റം അപകടകരമായ അവസ്ഥയിലാണ്. എല്ലാ പിയർ കാപ്പുകളും കോൺക്രീറ്റ് ജാക്കറ്റ് ഇട്ട് ബലപ്പെടുത്തണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. 

10 മാസം കൊണ്ട് മാത്രമേ പാലം പൂർവ്വ സ്ഥിതിയിലാക്കാനാകൂ എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാലത്തിന്‍റെ അടിത്തറയ്ക്ക് പ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടാവസ്ഥ കണ്ടെത്തിയ കോൺക്രീറ്റ് സ്പാനുകൾ എല്ലാ മാറ്റണം. 

42 കോടി രൂപ ചെലവിട്ട് 100 വർഷത്തെ ഉപയോഗത്തിനായി നിർമ്മിച്ച പാലം 2 വർഷം കൊണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി റിപ്പോ‍ർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാൻ പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തിയതായി അറിയിച്ചു. പാലം പണിയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.