കൊച്ചി: പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നതിന്‍റെ ചുമതല ഏറ്റെടുക്കാൻ ഇ ശ്രീധരൻ വരുമോ? പാലം പുതുക്കിപ്പണിയുന്ന കാര്യത്തിൽ സംസ്ഥാനസർക്കാരിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, എല്ലാ കോണിൽ നിന്നുമുയർന്ന ചോദ്യമിതായിരുന്നു. പാലം പുനർനിർമാണച്ചുമതല ഏറ്റെടുക്കുന്ന കാര്യം ആലോചിക്കാമെന്നാണ് ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

ഡിഎംആർസിയുമായി ഇക്കാര്യം വിശദമായി സംസാരിക്കേണ്ടതുണ്ട്. അതിന് ശേഷം, അന്തിമതീരുമാനമെടുക്കാം. സുപ്രീംകോടതിയുടെ ഉത്തരവിന് ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനുമായി സംസാരിച്ചു. തന്‍റെ ബുദ്ധിമുട്ടുകൾ മന്ത്രിയെ അറിയിച്ചതായി ഇ ശ്രീധരൻ പറയുന്നു. 

ഡിഎംആർസി കൊച്ചിയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. അതിന്‍റെ ഭാഗമായി കൊച്ചി ഓഫീസ് പ്രവർത്തനം നിർത്തുന്നു. ജീവനക്കാരും മടങ്ങിപ്പോയി. ഈ സാഹചര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇ ശ്രീധരൻ വ്യക്തമാക്കുന്നു. 

നേരത്തേ, പാലത്തിന്‍റെ സ്ഥിതിയെക്കുറിച്ച് സംസ്ഥാനസർക്കാർ ചുമതലപ്പെടുത്തിയത് പ്രകാരം ഇ ശ്രീധരൻ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പാലം അപകടാവസ്ഥയിലാണെന്നും, അറ്റകുറ്റപ്പണികൾ മതിയാകില്ലെന്നും, പുനർനിർമിക്കണമെന്നും ഇ ശ്രീധരൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഐഐടിയുടെ റിപ്പോർട്ടിനൊപ്പം, ഈ റിപ്പോർട്ടും പ്രധാനമായും ചൂണ്ടിക്കാട്ടിയാണ്, കേരളത്തിന് വേണ്ടി അഡ്വ. കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ വാദിച്ചിരുന്നത്.

Read more at: പാലാരിവട്ടം പാലം പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി, സർക്കാരിന് വിജയം

ഇവയെല്ലാം പരിഗണിച്ച സുപ്രീംകോടതി, ഭാരപരിശോധന മതിയാകില്ല, പാലം പുതുക്കിപ്പണിയാൻ തന്നെ സർക്കാരിന് തീരുമാനിക്കാവുന്നതാണെന്ന് ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ അന്തിമതീരുമാനം സംസ്ഥാനസർക്കാരിന്‍റേതാകും. പാലാരിവട്ടത്തെ മേൽപ്പാലം ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കൊച്ചിയിൽ ഗതാഗതം സ്തംഭിക്കും. അനുദിനം ഗതാഗതക്കുരുക്ക് കൂടിവരുന്ന നഗരമാണ് കൊച്ചി. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം സെപ്റ്റംബറിൽ തുറക്കുന്നത് പാലാരിവട്ടം ജങ്ഷനിലെ സ്ഥിതി രൂക്ഷമാക്കും. 

പാലം നിലനിൽക്കുമോ എന്നറിയാൻ ലോഡ് ടെസ്റ്റ് നടത്തിയതുകൊണ്ട് മാത്രം പ്രയോജനമുണ്ടാകില്ലെന്ന് കേരളം സുപ്രീംകോടതിയിൽ വാദിച്ചു. പാലം അതീവഗുരുതരാവസ്ഥയിലാണെന്ന് ഇതേക്കുറിച്ച് പഠിച്ച പല വിദഗ്‍ധസമിതികളും റിപ്പോർട്ട് നൽകിയതാണ്. മേൽപ്പാലം പുതുക്കിപ്പണിതാൽ 100 വർഷം വരെ ആയുസ്സുണ്ടാകും. അറ്റകുറ്റപ്പണി നടത്തിയാൽ 20 വർഷം മാത്രമാണ് പരമാവധി ആയുസ്സുണ്ടാകുക എന്നും സർക്കാർ വാദിച്ചിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് സർക്കാർ വാദങ്ങളെല്ലാം സുപ്രീംകോടതി അംഗീകരിച്ചത്.