Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി, സർക്കാരിന് വിജയം

ഐഐടി തയ്യാറാക്കിയ റിപ്പോർട്ട് അടക്കം സമർപ്പിച്ച് വിശദമായ വാദഗതികളാണ് സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ അവതരിപ്പിച്ചത്. ഭാരപരിശോധന വേണമെന്ന സർക്കാർ ഉത്തരവ് റദ്ദാക്കി.

palarivattam bridge can be reconstruted orders supreme court
Author
Thiruvananthapuram, First Published Sep 22, 2020, 1:24 PM IST

ദില്ലി: കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിച്ച് പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തിയാൽ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പാലത്തിന്‍റെ ദുർബലസ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി തയ്യാറാക്കിയ റിപ്പോർട്ട് അടക്കം ഹാജരാക്കി സംസ്ഥാനസർക്കാർ വിശദമായി വാദം നടത്തിയതിന്‍റെ വിജയം കൂടിയാണിത്. 

പൊതുതാത്പര്യം കണക്കിലെടുത്ത് സർക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനസർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചു. നിരവധി ജീവനുകളുടെ കാര്യമാണ്. പാലം അപകടാവസ്ഥയിലാണെങ്കിൽ അതിൽ പരിശോധന നടത്തേണ്ടതില്ല. പൊളിച്ചു പണിയണമെങ്കിൽ സർക്കാരിന് അതാകാം - സുപ്രീംകോടതി നിരീക്ഷിച്ചു.

എന്നാൽ ഭാരപരിശോധന നടത്തിയാൽ മതിയെന്ന നിലപാട് പാലം പണിഞ്ഞ കരാറുകാരും കൺസൾട്ടൻസിയായ കിറ്റ്‍കോയും പല തവണ കോടതിയിൽ ആവർത്തിച്ചിരുന്നു. പാലാരിവട്ടം പാലം കേസ് വേഗത്തിൽ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിലാണ് സർക്കാരിന് അനുകൂലമായി തീർപ്പുണ്ടായിരിക്കുന്നത്. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്.

അപേക്ഷയിൽ കേരളം ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇവയൊക്കെയാണ്: അടിയന്തരമായി പാലാരിവട്ടത്തെ മേൽപ്പാലം ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കൊച്ചിയിൽ ഗതാഗതം സ്തംഭിക്കും. അനുദിനം ഗതാഗതക്കുരുക്ക് കൂടിവരുന്ന നഗരമാണ് കൊച്ചി. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം സെപ്റ്റംബറിൽ തുറക്കുന്നത് പാലാരിവട്ടത്തെ സ്ഥിതി രൂക്ഷമാക്കും. 

പാലം നിലനിൽക്കുമോ എന്നറിയാൻ ലോഡ് ടെസ്റ്റ് നടത്തിയതുകൊണ്ട് മാത്രം പ്രയോജനമുണ്ടാകില്ല. പാലം അതീവഗുരുതരാവസ്ഥയിലാണെന്ന് ഇതേക്കുറിച്ച് പഠിച്ച പല വിദഗ്‍ധസമിതികളും റിപ്പോർട്ട് നൽകിയതാണ്. മേൽപ്പാലം പുതുക്കിപ്പണിതാൽ 100 വർഷം വരെ ആയുസ്സുണ്ടാകും. അറ്റകുറ്റപ്പണി നടത്തിയാൽ 20 വർഷം മാത്രമാണ് പരമാവധി ആയുസ്സുണ്ടാകുക എന്നും സർക്കാർ വാദിച്ചിരുന്നു. 

കഴിഞ്ഞ ഫെബ്രുവരിയിലാണ്, പാലാരിവട്ടം പാലം കേസിൽ തൽസ്ഥിതി തുടരട്ടെയെന്നും, നിർമാണക്കമ്പനി മറുപടി നൽകട്ടെയെന്നും കാട്ടി ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ കേസ് നീണ്ടുപോകുകയാണെന്നും, അനുദിനം പാലാരിവട്ടം മേഖലയിൽ ഗതാഗതക്കുരുക്ക് നീണ്ടുപോകുന്നതിനാൽ പെട്ടെന്ന് തീർപ്പ് വേണമെന്നും കാട്ടി സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.

Follow Us:
Download App:
  • android
  • ios