Asianet News MalayalamAsianet News Malayalam

പാലാരിവട്ടം അഴിമതിക്കേസ്; പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു

ദേശീയ പാത അതോറിറ്റിയെ ഒഴിവാക്കി പാലാരിവട്ടം പാലം നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് അഴിമതിക്ക് കളമൊരുക്കാനായിരുന്നു എന്നാണ് വിജിലന്‍സിന്‍റെ വിലയിരുത്തല്‍. 

palarivattom bridge scam case inverstigation spread to  accuseds financial transactions
Author
Kochi, First Published Sep 2, 2019, 6:47 AM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്ക് വിജിലന്‍സ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതികളെ കസ്റ്റ‍ഡിയില്‍ വാങ്ങുന്നതോടെ കോഴപ്പണം പങ്കുവെച്ചതിന്‍റെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിജിലന്‍സിന്‍റെ പ്രതീക്ഷ. വിജിലന്‍സ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ദേശീയ പാത അതോറിറ്റിയെ ഒഴിവാക്കി പാലാരിവട്ടം പാലം നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് ടോള്‍ ഒഴിവാക്കാന്‍ ആണെന്നായിരുന്നു അന്ന് ഉന്നയിച്ച വാദം. എന്നാല്‍ അഴിമതിക്ക് കളമൊരുക്കാനായിരുന്നു ഈ തീരുമാനം എന്നാണ് വിജിലന്‍സിന്‍റെ വിലയിരുത്തല്‍. ഈ ഗൂഢാലോചനക്ക് പിന്നിലെ മുഴുവന്‍ പേരെയും കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രതികളെ കസ്റ്റ‍ഡിയില്‍ വാങ്ങുന്നുള്ള അപേക്ഷയില്‍ വിജിലന്‍‍സ് പറയുന്നു. 

റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്നും പണം ചെലവഴിച്ചാണ് പാലം പണിതത്. പെട്രോളിനും ഡീസലിനും ഒരു രൂപ പ്രത്യേകം സെസ് ഏര്‍പ്പെടുത്തിയാണ് റോഡ്, പാലം നിര്‍മാണങ്ങള്‍ക്ക് ബോര്‍ഡ് പണം കണ്ടെത്തുന്നത്. ഇത് സാധാരണ ജനങ്ങളുടെ പണമാണ്. ഈ പണമാണ് പ്രതികള്‍ കൊള്ളയടിച്ചത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണം. കുറ്റകൃത്യത്തില്‍ ഇവരുടെ പങ്കാളികളേയും കണ്ടെത്തണം.

നിരവധി തവണ ചോദ്യം ചെയ്തെങ്കിലും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. നാല് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യം അഭ്യര്‍ത്ഥിച്ച് പ്രതികള്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷകളും കോടതി ഇന്ന് പരിഗണിക്കും. 

Follow Us:
Download App:
  • android
  • ios