കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കും ഇടനിലക്കാരനായ സിഐക്കും സസ്പെൻഷൻ. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പി ആർ അശോക് കുമാറിനെയും ഫോർട്ട് സിഐ കെ കെ ഷെറിയെയുമാണ് സസ്പെൻ്റ് ചെയ്തത്. സസ്പെൻ്റ് ചെയതവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. 

പാലാരിവട്ടം പാലം അഴിമതി അന്വേഷിച്ച ആദ്യ സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എറണാകുളം വിജിലൻസ് യൂണിറ്റിലെ ഡിവൈഎസ്പി ആർ അശോക് കുമാർ. കേസിന്‍റെ തുടക്കത്തിലേ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ സഹായിക്കുന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിച്ചതെന്ന ആക്ഷേപം അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കുണ്ടായിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുകള്‍ ശേഖരിക്കുന്നതിലും വിവരങ്ങള്‍ ഹൈക്കോടതിയിൽ അഭിഭാഷകരുമായി പങ്ക് വയ്ക്കുന്നതിലും വീഴ്ച വരുത്തിയതോടെ ഇൻറലിജൻസാണ് അന്വേഷണം നടത്തിയത്. ഇബ്രാഹിംകുഞ്ഞിന്‍റെ ഇടനിലക്കാരുമായി നിരന്തരമായf അശോക് കുമാർ‍ ബന്ധപ്പെടുന്നതായി കണ്ടെത്തി. 

Also Read: പാലാരിവട്ടം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിന് തുടക്കം മുതലേ പങ്കെന്ന് വിജിലന്‍സ്

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ സിഐ കെ കെ ഷെറി ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായി അശോക്കുമാറിന് പകരം തിരുവനന്തപുരം സ്പെഷ്യൽ ഇന്‍വെസ്റ്റിഗേഷൻ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാം കുമാറിനെ നിയമിച്ചത്. വിജിലൻസ് കോ ഡയറക്ടറുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് വിജിലൻസ് യൂണിറ്റ് എസ്പി ശശിധരൻ നടത്തിയ രഹസ്യ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ പ്രതികളിൽ നിന്ന് പണം സ്വീകരിച്ചിട്ടുള്ളതായി സംശയിക്കുന്നതായി റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻറ് ചെയ്തവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക