കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണ കമ്പനിയായ ആർഡിഎസിനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം നിർമ്മാണ അഴിമതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന സർക്കാറിന്‍റെ ഇനിയുള്ള പദ്ധതികളിൽ നിന്ന് ആർഡിഎസിനെ ഒഴിവാക്കുമെന്നും ഇതിനുള്ള നടപടി തുടങ്ങിയെന്നും സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. 

പാലാരിവട്ടം മേൽപ്പാലം അഴിമതി പുറത്ത് വന്നപ്പോൾ തന്നെ നിർമ്മാണ കമ്പനിയായ ആർഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ, അന്ന് സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ആലപ്പുഴ ബൈപ്പാസ് അടക്കമുള്ള സർക്കാർ പദ്ധതികളിൽ ആർഡിഎസ് പങ്കാളിയായതിനാണ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ സർക്കാർ മടിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇതിന് പിന്നാലെയാണ് ആർഡിഎസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടി തുടങ്ങിയതായി സർക്കാർ ഹൈക്കോടതിയെ അറിയിക്കുന്നത്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് കരാർ കമ്പനി നടത്തിയ അഴിമതിയും വ‌ഞ്ചനയും വിജിലൻസ് എഫ്ഐആർ വന്നപ്പോഴാണ് കെഎസ്ടിപിയുടെ ശ്രദ്ധയിൽ വരുന്നത്.

റോഡ്  ഉപയോക്താക്കളുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ അവഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടും അഴിമതിയുമാണ് ആർഡിഎസ് പ്രോജക്ട് നടത്തിയത്.കമ്പനി ഉടമ തന്നെ ജയിലിലുമായി. അതിനാൽ ഈ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനും തുടർന്നുള്ള എല്ലാ  പദ്ധതികളിൽ നിന്ന്  ഒഴിവാക്കാനും  തീരുമാനിച്ചതായി സർക്കാർ ഹൈക്കോടതിയെ അറയിച്ചു. വ്യക്തിഗത നേട്ടത്തിനായി ആർഡിഎസ്  കരാറിൽ അഴിമതികാട്ടിയതിന് ശക്തമായ തെളിവുകളുമുണ്ടെന്ന് വിജിലൻസ്  റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുനലൂർ- പൊൻകുന്നം പാതയുടെ ടെണ്ടറിൽ നിന്ന് ആർഡിഎസ് ഉൾപ്പെട്ട കൺസോർഷ്യത്തെ സർക്കാർ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്.

കേന്ദ്ര വിജിലൻസ് കമ്മീഷൻ പുറപ്പെടുവിച്ച  മാർഗ രേഖ പ്രകാരമാണ് പുനലൂർ- പൊൻകുന്നം പാതയുടെ ടെണ്ടറിൽ നിന്ന് ആർഡിഎസ് കമ്പനിയെ ഒഴിവാക്കിയതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.