Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം പണി ഉടൻ തുടങ്ങും, എട്ട് മാസത്തിനകം പൂര്‍ത്തിയാക്കും, മേല്‍നോട്ടം ഇ ശ്രീധരനെന്നും മുഖ്യമന്ത്രി

ഗതാഗതത്തിന് തുറന്ന് നല്‍കി ഒരു വര്‍ഷത്തിനുള്ളിലാണ് പാലത്തിന്റെ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ ഗുരുതര പ്രശ്‌നമുണ്ടെന്ന കണ്ടെത്തി.
 

Palarivattom bridge will reconstruct soon says cm
Author
Thiruvananthapuram, First Published Sep 23, 2020, 6:41 PM IST

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന്റെ കൂടി പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം പൊളിച്ച് പണി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ശ്രീധരനുമായി സംസാരിച്ചുവെന്നും നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിര്‍മ്മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. എട്ട് മാസത്തിനകം പണി പൂര്‍ത്തിയാക്കാനാകുമെന്ന് ശ്രീധരന്‍ ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ഗതാഗതത്തിന് തുറന്ന് നല്‍കി ഒരു വര്‍ഷത്തിനുള്ളിലാണ് പാലത്തിന്റെ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ ഗുരുതര പ്രശ്‌നമുണ്ടെന്ന കണ്ടെത്തി. തുടര്‍പരിശോധനകള്‍ക്കായി ഇ ശ്രീധരനെയും മദ്രാസ് ഐഐടിയെയുമാണ് ചുമതലപ്പെടുത്തിയത്. പാലത്തിന് ബലക്ഷയമുണ്ടെന്നും കേവല പുനരുദ്ധാരണംകൊണ്ട് പാലത്തെ ശക്തിപ്പെടുത്താനാകില്ലെന്നും പൊളിച്ചുപണിയണമെന്നുമാണ് ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട്. 

ശ്രീധരന്റെ നിര്‍ദ്ദേശം സ്വീകരിച്ച് പാലത്തിന്റെ പൊളിച്ചുപണി ചുമതവല അദ്ദേഹത്തെ തന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ചു. ഈ ഘട്ടത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ നിര്‍ദ്ദേശമായ ഭാരപരിശോധന ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍  ജനങ്ങളുടെ സുരക്ഷയെ കരുതി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ ക്രമക്കേട് ചരിത്രത്തിലെ അപൂര്‍വ്വ സംഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലേക്കാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. നഗ്നമായ അഴിമതിയാണ് പാലനിര്‍മ്മാണത്തില്‍ നടന്നിരിക്കുന്നത്. ഇത് യുഡിഎഫ് ഭരണകാലത്ത് നടന്ന അഴിമതികളില്‍ ഒന്നുമാത്രമാത്രമാണ്. കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അഴിമതിയിലടെ ഗജനാവ് കൊള്ളയടിച്ചവരെക്കൊണ്ട് കണക്കുപറയിക്കുക എന്നത് നാടിന്റെ ഉത്തരവാദിത്വമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, യുഡിഎഫ് അഴിമതിയുടെ ഓര്‍മ്മപ്പെടുത്തലാണെങ്കില്‍ ഈ സര്‍ക്കാര്‍ ഗുണമേന്മയും നൂനത സാങ്കേതിക വിദ്യയും ഉറപ്പുവരുത്തി അഴിമതി രഹിതമായാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
 

Follow Us:
Download App:
  • android
  • ios