Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി,ആദ്യം ടാറ് ഇളക്കിമാറ്റൽ, ഇബ്രാഹിം കുഞ്ഞിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം

ആദ്യഘട്ടത്തിൽ 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്‍റെ ടാറ് ഇളക്കി മാറ്റുന്ന പ്രവര്‍ത്തികളാണ് നടക്കുന്നത്. നാല് ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാകും

 

palarivattom flyover demolition begin
Author
Kochi, First Published Sep 28, 2020, 10:01 AM IST

കൊച്ചി: കൊച്ചി പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി. ആദ്യഘട്ടത്തിൽ 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്‍റെ ടാറ് ഇളക്കി മാറ്റുന്ന പ്രവര്‍ത്തികളാണ് നടക്കുന്നത്. നാല് ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാകും. തുടർന്ന് ഗർഡറുകൾ ഇളക്കി മാറ്റും. ഇത് പൂര്‍ത്തിയാക്കാൻ ഏകദേശം രണ്ടര മാസത്തോളം എടുത്തേക്കും. പാലത്തിന്‍റെ കോൺക്രീറ്റ് അവശിഷ്ടങ്ങള്‍ മുട്ടത്തുള്ള ഡിഎംആര്‍സി യാഡുകളിലേക്കാണ് മാറ്റുക. അതിന് ശേഷമാകും തൂണുകൾ ബലപ്പെടുത്തുന്ന നടപടികൾ ആരംഭിക്കുക. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പാലം പണിയുന്നത്. 

പാലം പണി ആരംഭിച്ചെങ്കിലും നിലവിൽ ഗതാഗത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടില്ല. ഡിഎംആര്‍സി, പൊലീസ്, ദേശീയപാതാ അതോറിറ്റി എന്നിവര്‍ ഇന്ന് രാവിലെ നടത്തുന്ന സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും ഗതാഗത നിയന്ത്രണത്തില്‍ തീരുമാനമുണ്ടാവുക. കൊച്ചി ഡിസിപി ജി. പൂങ്കുഴലിയും ഡിഎംആര്‍സി ചീഫ് എൻജിനീയര്‍ കേശവ് ചന്ദ്രനും ദേശീയ പാതാ അതോറിറ്റി, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷൻ ഉദ്യോഗസ്ഥരുമാണ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്തുക.

യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. രാത്രിയും പകലും പാലം നിര്‍മ്മാണ ജോലികള്‍ നടക്കും. പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന. അടുത്തയാഴ്ച തന്നെ ഗര്‍ഡറുകള്‍ നീക്കുന്ന ജോലിയും തുടങ്ങും. 8 മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അതിനിടെ പാലാരിവട്ടത്ത്  സിപിഐ പ്രതിഷേധവും നടന്നു. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. 

Follow Us:
Download App:
  • android
  • ios