ദേശീയപാത എഞ്ചിനീയർമാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യൻ റോഡ് കോൺഗ്രസ്സിൽ നിന്നും വിദ​ഗ്‍ധരുടെ ഉപദേശം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി വിജിലൻസ് ഡിവൈഎസ്പി അശോക് കുമാർ

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്‍റെ ബലക്ഷയം നിർണ്ണയിക്കാൻ ഇന്ത്യൻ റോഡ് കോൺഗ്രസിന്‍റെ സഹായം തേടി വിജിലൻസ്. നിർമാണത്തിലെ പാളിച്ചകൾ കണ്ടെത്താൻ വിദഗ്ധരുടെ സഹായത്തോടെ വിജിലൻസ് സംഘം വീണ്ടും മേൽപ്പാലം പരിശോധിച്ചു. അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കും അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

മേൽപ്പാലം അഴിമതിയിൽ എൽഡിഎഫ് നടത്തുന്ന സമരങ്ങൾക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എം എം മണിയും പാലം സന്ദർശിച്ചു. നിർമാണത്തിൽ അഴിമതി നടത്തിയവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തുന്ന അനിശ്ചിത കാല സമരം തുടരുകയാണ്. വിദ​ഗ്‍ധ സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷം സർക്കാർ ഉചിതമായ നടപടി എടുക്കുമെന്ന് മന്ത്രി എം എം മണിയും പറഞ്ഞു.

ദേശീയപാത എഞ്ചിനീയർമാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യൻ റോഡ് കോൺഗ്രസ്സിൽ നിന്നും വിദ​ഗ്‍ധരുടെ ഉപദേശം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും വിജിലൻസ് ഡിവൈഎസ്പി അശോക് കുമാർ പറഞ്ഞു. പാലത്തിന്‍റെ ഡിസൈൻ, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് വിജിലൻസ് സംഘം പാലം വീണ്ടും സന്ദർശിച്ചത്.