കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ വിദഗ്‌ധ സംഘം വീണ്ടും പാലം പരിശോധിക്കും. പരിശോധന ഈ ആഴ്ച തന്നെയുണ്ടാകും. ഐഐടിയിൽ നിന്നുള്ള സംഘത്തെയടക്കം ഉൾപ്പെടുത്തിയാണ് പരിശോധന. കരാർ കമ്പനിയിൽ നിന്നും പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്. 

അഴിമതി അന്വേഷിക്കുന്ന വിജിലൻസ് സംഘം കരാർ കമ്പനിയായ ആർഡിഎസിന്‍റെ കൊച്ചി ഓഫീസിൽ 10 ദിവസം മുമ്പാണ് റെയ്ഡ് നടത്തിയത്. കമ്പനിയുടമ സുമിത്ത് ഗോയലിന്‍റെ കാക്കനാട് പടമുകളിലുള്ള ഫ്ലാറ്റിലും പരിശോധനയുണ്ടായിരുന്നു. 

റെയ്‍ഡിൽ നിർമ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകൾ കമ്പനിയുടെ കമ്പ്യൂട്ടറിൽ നിന്നും വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു. മേൽപ്പാലം നിർമ്മാണത്തിൽ കരാർ കമ്പനിയും ഉദ്യോഗസ്ഥരും  ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.

പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിൽ ലഭിക്കുന്ന തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പുതിയ പരിശോധന. പാലം രൂപകൽപ്പന മാറ്റിയതിലൂടെ കമ്പനിക്ക് വൻ ലാഭം ഉണ്ടായെന്നും എഫ്ഐആറിൽ വിജിലൻസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദഗ്ധ സംഘം വീണ്ടും പരിശോധനക്കെത്തുന്നത്.