കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതൽ ആരോപണങ്ങളുമായി മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് രംഗത്ത്. പലിശ വാങ്ങാതെ വായ്പ അനുവദിക്കാൻ മന്തി ഇബ്രാഹിം കുഞ്ഞാണ് ഉത്തരവിട്ടതെന്ന് ടി ഒ സൂരജ് പറഞ്ഞു. ഇക്കാര്യം ഫയലിൽ എഴുതിയെന്നും ഇതിന് രേഖാമൂലം തെളിവുണ്ടെന്നും ടി ഒ സൂരജ് പറഞ്ഞു.

പാലം പണിക്കായുള്ള തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രിയാണെന്ന് സൂരജ് ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പ്രതികരിച്ചിരുന്നു.

അതേസമയം, പാലാരിവട്ടം പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന  ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ ജുഡീഷ്യൽ റിമാൻഡ് കാലാവധി വിജിലൻസ് കോടതി അടുത്തമാസം മൂന്ന് വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കുറ്റപ്പെടുത്തി സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു. 

കഴിഞ്ഞ ​ദിവസം നിലവിലെ പാലം പണിക്കെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ടി ഒ സൂരജ് അടക്കമുളളവർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ ആയല്ലോ എന്ന് പരിഹസിച്ച സിംഗിൾ ബഞ്ച് സിനിമാ കഥ യാഥാര്‍ത്ഥ്യമാകുന്നത് പോലെയാണ് കാര്യങ്ങളുടെ പോക്കെന്നും പറഞ്ഞു. 

അതേസമയം, പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരടക്കം കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകൾ ശേഖരിച്ചുവരികയായെണെന്നും വിജിലൻസ് വിശദീകരിച്ചു.