കൊച്ചി: ഗവര്‍ണറുടെ അനുമതി കിട്ടിയതോടെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഊര്‍ജ്ജിതമാക്കി വിജിലൻസ്. നിയമസഭാ സമ്മേളനത്തിന് ശേഷമാകും ചോദ്യം ചെയ്യലെന്നാണ് വിവരം. തെളിവുകൾ ക്രോഡീകരിക്കുന്നതിനൊപ്പം പ്രത്യേക ചോദ്യാവലി അടക്കമുള്ള സംവിധാനങ്ങളുമായാണ് വിജിലൻസ് ഒരുങ്ങുന്നത്. 

നിയമസഭാ സമ്മേളനം കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും സിആർപിസി 41എ പ്രകാരം നോട്ടീസ് കൊടുത്ത് മുൻമന്ത്രിയെ വിളിപ്പിക്കുക. ഇബ്രാഹിം കുഞ്ഞ് നിലവില്‍ എംഎല്‍എ ആയതിനാല്‍ സ്പീക്കറുടെ അനുമതി വാങ്ങുന്നതിനുള്ള നടപടികളും ഇതോടൊപ്പം വിജിലൻസ് തുടങ്ങിയിട്ടുണ്ട്.

ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് നീക്കം ശക്തമാക്കുന്നതിനിടെ, പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫും ആരംഭിച്ചു. പാലാരിവട്ടം പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല അസംഘടിത തൊഴിലാളി സംഘടന പാലത്തിലേക്ക് മാർച്ച് നടത്തി. പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച മദ്രാസ് ഐഐടിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട മുൻമന്ത്രി കെ.ബാബു, അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി.

പാലാരിവട്ടം പാലം അഴിമതിയിൽ അന്വേഷണം നടക്കട്ടെ എന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പ്രതികരിച്ചിരുന്നു. പാലത്തിൽ ഭാര പരിശോധന നടത്താൻ സര്‍ക്കാര്‍ തയ്യാറാകാത്തതെന്തെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറും നിയമസഭയിൽ ചോദിച്ചു.