കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്‍റെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ഇമാം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: വിദ്വേഷപ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ (p cgeorge) രൂക്ഷവിമര്‍ശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. വര്ഗീയപ്രസംഗകരെ ഒറ്റപ്പെടുത്തണമെന്ന് ഇമാം ആവശ്യപ്പെട്ടു. അവര്‍ ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കിലും മാറ്റിനിര്‍ത്തണമെന്നും വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.
പി സി ജോര്‍ജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകര്‍ത്ത് കലാപത്തിന് ശ്രമിച്ചാല്‍ നേരിടണം. കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്‍റെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ആറ്റുകാല്‍ പൊങ്കാല കാലത്ത് പാളയം പള്ളിമുറ്റം വിട്ടുനല്‍കാറുണ്ട്. അദ്വൈതാശ്രമത്തില്‍ ഈദ് ഗാഹ് നടത്താറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്‍റെ സൌന്ദര്യമെന്നും പാളയം ഇമാം പറഞ്ഞു.
ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ് വിശ്വാസ സമൂഹം. കൊവിഡ് മൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്. കൊവിഡിന് മുന്‍പുള്ള കാലത്തെ ഓര്‍മിപ്പിക്കും വിധം ആളുകള്‍ പള്ളികളിലേക്ക് മടങ്ങിയെത്തി തുടങ്ങി. പൂര്‍ണ തോതിലായില്ലെങ്കിലും കടകളിലും സാമാന്യം തിരക്കുണ്ട്. കാണാനും ചേർത്ത് പിടിച്ച് സ്നേഹം പങ്കിടാനും മുൻപത്തേക്കാള്‍ ആകുന്നു.
