തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശീയരുടെ സൗജന്യ യാത്ര തുടരും. സ്മാർട്ട് കാർഡ് ഉള്ളവർക്ക്  ഫാസ്ടാഗ് ലഭ്യമാക്കുമെന്ന് ടോൾ പ്ലാസ അധികൃതർ വ്യക്തമാക്കി. ഇതിന്റെ പണം നേരത്തെയുള്ള ധാരണയനുസരിച്ച് സർക്കാർ നൽകണം. ജനുവരി ഒന്ന്  മുതലാണ് രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സംവിധാനം പൂർണമായും നടപ്പിലാക്കുന്നത്.

ഫാസ്ടാഗ് സംവിധാനം നിലവിൽ വന്നതോടെ ടോൾ പ്ലാസയ്ക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശീയരുടെ സ്മാർട്ട് കാർ‍ഡ് സോഫ്റ്റ്‌വെയറിൽ സ്വീകാര്യമല്ലാതായി. ഇതോടെയാണ് ആയിരക്കണക്കിന് പേർക്ക് സൗജന്യം നഷ്ടമായത്. ഫാസ്ടാഗ് പ്രകാരം തദ്ദേശീയർ മാസം 150 രൂപ നൽകണം എന്ന സ്ഥിതിയായി. ഇതിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് സൗജന്യ യാത്ര അനുവദിക്കുമെന്ന് ടോൾ പ്ലാസ അറിയിക്കുന്നത്.

രേഖകളുമായി ടോൾ പ്ലാസയിലെത്തിയാൽ ഫാസ്ടാഗ് ലഭ്യമാക്കും. ഇതിന്റെ പണം സർക്കാർ നൽകണം. 2012 മുതൽ ഇത് വരെ സ്മാർട്ട് കാർഡ് നൽകിയതിലൂടെ 125 കോടി രൂപ സർക്കാർ ടോൾ പ്ലാസക്ക് നൽകാനുണ്ട്. ഫാസ്ടാഗ് നടപ്പിലാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അയിരക്കണക്കിന് പേർക്ക് ഫാസ്ടാഗ് നൽകുന്നതിൽ പ്രായോഗിക പ്രശ്നങ്ങളേറെയാണ്. മുഴുവൻ ആളുകളും ഫാസ്ടാഗിലേക്ക് മാറിയിട്ടില്ല എന്നതിനാൽ ടോൾ പ്ലാസയിൽ ഇരട്ടിപ്പിഴ ഈടാക്കുന്നതോടെ തർക്കങ്ങലും പ്രശ്നങ്ങളും ഉണ്ടാകുമെന്നുറപ്പാണ്.