ഇടുക്കി: പമ്പ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകൾ തുറന്നതിനെ തുടർന്ന് പത്തനംതിട്ടയിൽ അതീവ ജാഗ്രത തുടരുന്നു. ഷട്ടറുകള്‍ തുറന്നതോടെ പമ്പ ത്രിവേണിയിൽ ഒരടിയോളം വെള്ളമുയർന്നു. ആറ് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നത്. ഘട്ടം ഘട്ടമായി ആറ് ഷട്ടറുകളും തുറന്നു. സെക്കന്റിൽ 82 ക്യു മക്സ് വെളളമാണ് തുറന്നു വിടുന്നത്. നദിയിലെ ജലനിരപ്പ് 40 സെന്റിമീറ്റർ ഉയരാൻ സാധ്യതയുള്ളതിനാലാണ് പമ്പാതീരത്ത് ജാഗ്രതാ നിർദ്ദേശം നൽകിയത്.

റാന്നി പട്ടണത്തിലും, ആറൻമുള, കോഴഞ്ചേരി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യത ഉണ്ടെങ്കിലും പരിഭ്രാന്തിയുടെ സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 982 മീറ്ററിൽ എത്തിയാൽ ഉടൻ ഷട്ടറുകൾ അടയ്ക്കാനാണ് തീരുമാനം. നിലവിൽ 983.5 അടിയാണ് ഡാമിലെ ജലനിരപ്പ്. എട്ട് മണിക്കൂർ കൊണ്ട് അണക്കെട്ടിലെ ജലനിരപ്പ് 982 മീറ്ററിലേക്ക് എത്തിക്കാമെന്നാണ് കണക്കുകൂട്ടൽ. പമ്പ നദിയിൽ നാൽപ്പത് സെന്റീമീറ്ററെങ്കിലും ജലനിരപ്പ് ഉയരും.  

അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്. ചെറിയ ഡാമായതിനാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു. റാന്നി ടൗണിൽ 19 ബോട്ടുകളും തിരുവല്ലയിൽ ആറ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.