ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും വലിയ കളങ്കം സൃഷ്ടിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍

മലപ്പുറം: പ്രവാചക നിന്ദാ പരാമര്‍ശം മുസ്‌ലിം ജനവിഭാഗത്തെ അത്യധികം വേദനിപ്പിക്കുന്നതാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇത്തരം അരുതായ്മകളെ നിയമപരമായി നേരിടാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. പരാമര്‍ശത്തെ തുടര്‍ന്ന് അറബ് രാഷ്ട്രത്തലവന്‍മാര്‍ ഇന്ത്യന്‍ പ്രതിനിധികളെ വിളിപ്പിച്ച് അമര്‍ഷം രേഖപ്പെടുത്തി. ഇത്തരം സാഹചര്യം മുമ്പെങ്ങുമില്ലാത്തതാണ്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും വലിയ കളങ്കം സൃഷ്ടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുകയാണ് വേണ്ടതെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.

'ബിജെപി നേതാക്കൾ ഇന്ത്യയുടെ മതേതര മുഖം വികൃതമാക്കുന്നു'; നബി വിരുദ്ധ പ്രസ്താവനകൾക്കെതിരെ കുഞ്ഞാലിക്കുട്ടി

നേരത്തെ വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾ നിർത്താൻ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബിജെപി തെളിയിച്ചു കൊണ്ടിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാചകനെതിരെയുള്ള ബിജെപി നേതാക്കളുടെ പരാമർശങ്ങളിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണ്. ആഗോളതലത്തിൽ ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ബിജെപി നേതാക്കളുടെ പ്രസ്താവനയെ തുടർന്നുണ്ടായ ലഹളയുടെ ഭാഗമായി മുസ്ലിം വിഭാഗത്തിനെതിരെ മാത്രം ഏകപക്ഷീയമായി പൊലീസ് കേസെടുക്കുകയാണ് ചെയ്തത്. ലഹളക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നില്ലെന്ന് മാത്രമല്ല, കള്ളക്കേസിൽ കുടുക്കിയ മുസ്ലീങ്ങളുടെ വീടുകൾ പൊളിച്ച് നീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതൊക്കെ തികച്ചും അന്യായവും ജനാധിപത്യ വിരുദ്ധവുമാണ്. ലഹളക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി