ഇടുക്കി: ചിന്നക്കനാൽ പഞ്ചായത്ത് അടിച്ചുതകർക്കുകയും ജീവനക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്ത നാല് പേർ അറസ്റ്റിൽ. സ്വകാര്യ കരാറുകാരനായ രാജനും ഇയാളുടെ ജോലിക്കാരുമാണ് അറസ്റ്റിലായത്. നിയമം ലംഘിച്ച് ഇയാൾ പണിതിരുന്ന കെട്ടിടത്തിനെതിരെ നടപടിയെടുത്തതിന്റെ പേരിലാണ് അക്രമം നടത്തിയത്.

ചിന്നക്കനാലിലെ പ്രമുഖ കരാറുകാരനാണ് ഗോപിയെന്ന് വിളിക്കുന്ന രാജൻ. ഇയാളുടെ ജോലിക്കാരായ ആന്റണി, മുത്തുകുമാർ, വിജയ് എന്നിവരാണ് അറസ്റ്റിലായത്. ചിന്നക്കനാൽ ടൗണിൽ ജോയ് എന്നയാളുടെ ഹോം സ്റ്റേ നിർമ്മാണ കരാർ രാജനായിരുന്നു. എന്നാൽ അനുമതിയില്ലാതെ പണിത കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകുകയും ഇന്നലെ റവന്യു സംഘം ഇത് പൊളിച്ചുനീക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായാണ് രണ്ട് ജീപ്പിലെത്തിയ ഗുണ്ടാസംഘം പഞ്ചായത്ത് അടിച്ചു തകർത്തത്. 

രണ്ട് ജീവനക്കാരുടെ കൈ അടിച്ചൊടിച്ചു. ഭിന്നശേഷിക്കാരനായ സെക്രട്ടറിക്കും വേറെ രണ്ട് പേർക്കും കൂടി പരിക്കുണ്ട്. ഗുണ്ടാസംഘത്തിലെ മറ്റ് ആളുകളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അറസ്റ്റിലായ പ്രതികൾക്കെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം പ്രതികളെ റിമാൻഡ് ചെയ്യും