തിരുവനന്തപുരം: ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതി യോഗം ചേരുന്നതിനിടെ, യോഗം ചേരുന്ന അതേ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് സ്ത്രീയുടെ വ്യാജ ടെലിഫോൺ സന്ദേശം. വിവരം കിട്ടിയ ഉടൻ സ്ഥലത്ത് പാഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും കെട്ടിടം അരിച്ചു പെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

വൈകിട്ട് നാലരയോടെയാണ് സെക്രട്ടേറിയറ്റിലെ രണ്ടാം അനക്സിന്‍റെ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഒരു സ്ത്രീയുടെ ശബ്ദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിയെത്തിയത്. ആരാണ്, എന്താണ് എന്നീ കാരണങ്ങളൊന്നും ഫോൺ വിളിച്ച സ്ത്രീ പറഞ്ഞില്ല. രണ്ടാം അനക്സിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് മാത്രമായിരുന്നു ഫോണിലെ സന്ദേശം. 

ഓടിപ്പാഞ്ഞെത്തിയ പൊലീസും ഫയർഫോഴ്‍സും സ്ഥലത്ത് വ്യാപകമായ പരിശോധന നടത്തി. മുകൾ നില വരെ മുക്കും മൂലയും തെരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്.