Asianet News MalayalamAsianet News Malayalam

തനിക്കെതിരെ ശശി തരൂർ നടത്തിയത് നിലവാരം കുറഞ്ഞ പരാമർശമെന്ന് പന്ന്യൻ; മറുപടിയുമായി തരൂർ

 വോട്ട് ഭിന്നിപ്പിക്കാനുള്ള തരൂരിന്‍റെ ശ്രമം സോപ്പുകുമിളയായെന്ന് പന്ന്യൻ

Pannyan Raveendran says Shashi Tharoor's remarks against him is cheap Tharoor reacts
Author
First Published Apr 21, 2024, 12:01 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ഇടത് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. തനിക്ക് എതിരെ നിലവാരം കുറഞ്ഞ പ്രസ്താവന നടത്തിയത് അഹങ്കാരം കൊണ്ടെന്ന് പന്ന്യൻ രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വോട്ട് ഭിന്നിപ്പിക്കാനുള്ള തരൂരിന്‍റെ ശ്രമം സോപ്പുകുമിളയായെന്നും പന്ന്യൻ പറഞ്ഞു. 

തെരഞ്ഞെടുപ്പിൽ പന്ന്യന് എന്തു കാര്യമെന്നാണ് ശശി തരൂർ ചോദിച്ചത്. തരൂർ വലിയ ആളൊന്നൊക്കെയാണ് പറയുന്നത്.  ഇത് കേട്ടപ്പോൾ അദ്ദേഹം ഒന്നുമല്ലെന്ന് മനസിലായെന്ന് പന്ന്യൻ പറഞ്ഞു. എൽഡിഎഫിന് മൂന്നാം സ്ഥാനമെന്ന് സ്ഥിരമായി പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും എൽഡിഎഫാണെന്ന് പന്ന്യൻ പറഞ്ഞു.  തീരദേശ - ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് ഒപ്പമാണ്. ശശി ഒരു സൂത്രക്കാരനാണ്. ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിക്കലായിരുന്നു ഉദ്ദേശ്യം. ചീപ്പായാണ് തരൂർ സംസാരിക്കുന്നത്. എൽഡിഎഫിന്‍റെ താരപ്രചാരകൻ മുഖ്യമന്ത്രിയാണെന്നും പന്ന്യൻ പറഞ്ഞു. 

തെറ്റിദ്ധാരണ കൊണ്ടാകാം പന്ന്യൻ രവീന്ദ്രന്റെ പ്രതികരണം എന്നാണ് തരൂരിന്‍റെ മറുപടി. പന്ന്യൻ നല്ല മനുഷ്യനാണ്. സാഹചര്യം മനസിലാക്കാതെയാണ് വിമർശനം. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള ബിനോയ് വിശ്വത്തിന്റെ പരാമർശത്തോടായിരുന്നു തന്റെ പ്രതികരണം. രാഹുലിന് വയനാട്ടിൽ എന്തുകാര്യമെന്ന് ചോദിച്ചാൽ തിരുവനന്തപുരത്ത് എന്തുകാര്യമെന്ന് തനിക്കും ചോദിക്കാമല്ലോ എന്നാണ് പറഞ്ഞത്. പന്ന്യനെതിരെ വ്യക്തിപരമായ പരാമർശമല്ല നടത്തിയത്. അദ്ദേഹത്തിന് മത്സരിക്കാൻ അവകാശമുണ്ട്. അദ്ദേഹം മുൻ എംപി കൂടിയാണല്ലോയെന്നും തരൂർ പറഞ്ഞു.

തിരുവനന്തപുരത്ത് തന്‍റെ വിജയം ഉറപ്പാണെന്ന് തരൂർ അവകാശപ്പെട്ടു. രണ്ടാം സ്ഥാനത്തിനായി പോരാട്ടം കടുത്തിട്ടുണ്ട്. താൻ നേരിടുന്നത് ബിജെപിയെ ആണെന്നും തരൂർ പറഞ്ഞു. ഇന്ത്യ മുന്നണിയാണ് അധികാരത്തിൽ വരിക എന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപി ജനങ്ങള്‍ക്ക് വാഗ്ദാനം മാത്രമേ നൽകുന്നുള്ളൂ.  ഒന്നും നടപ്പാക്കുന്നില്ലെന്ന് തരൂർ വിമർശിച്ചു.

Follow Us:
Download App:
  • android
  • ios