Asianet News MalayalamAsianet News Malayalam

പന്തീരാങ്കാവ് കേസ്: പരാതിക്കാരിയായ പെണ്‍കുട്ടിയെ വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ചു, പൊലീസ് കസ്റ്റഡിയിലെടുത്തു

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ യുവതിക്കായി പൊലീസ് നേരത്തെ തെരച്ചില്‍ ആരംഭിച്ചിരുന്നു. യുവതിയെ അടുത്ത ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കും

 Pantheerankavu domestic violence case latest updates complainant girl reached Kochi by air and is in police custody
Author
First Published Jun 13, 2024, 10:49 PM IST

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് കൊച്ചിയിലെത്തിച്ചു. രാത്രി എട്ടരയോടെയാണ് പെണ്‍കുട്ടി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഇതിനുശേഷം പെണ്‍കുട്ടിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ അടുത്ത ദിവസം പൊലീസ്  കോടതിയില്‍ ഹാജരാക്കും. ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ആരുടെയോ സമ്മര്‍ദനത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ യുവതിക്കായി പൊലീസ് നേരത്തെ തെരച്ചില്‍ ആരംഭിച്ചിരുന്നു.യുവതി യൂട്യൂബ് ചാനലിലൂടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയതിന് പിന്നാലെയാണ് യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചത്. യുവതിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ മൊഴി മാറ്റി പറഞ്ഞ യുവതി സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് യുവതിക്കായി അന്വേഷണം നടത്തിയത്.

തിരുവനന്തപുരം, കോഴിക്കോട് സൈബര്‍ പൊലീസ് സംഘങ്ങളാണ് യുവതിക്കായി അന്വേഷണം നടത്തിയിരുന്നത്. പല ലോക്കേഷനുകളില്‍ നിന്നായാണ് യുവതി മൂന്ന് വീഡിയോകളും അപ് ലോഡ് ചെയ്തതെന്നാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. താൻ എവിടെയാണെന്ന് കണ്ടുപിടിക്കാതിരിക്കാൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവഴി യുവതി ശ്രമിക്കുന്നതെന്നും യുവതിക്ക് നിയമസഹായം ഉള്‍പ്പെടെ വലിയ പിന്തുണ കിട്ടുന്നുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്.

യുവതിയുടെ മൊബൈല്‍ ഫോണിന്‍റെ അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ദില്ലിയിൽ നിന്നാണെന്നാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. താൻ സ്വമേധയാ വീട് വിടുന്നതായി വാട്സാപ്പ് കാൾ വഴി അച്ഛനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് ഓഫീസിൽ ഒടുവിൽ എത്തിയത്. ലാപ്ടോപ് എടുത്തു കുടുംബത്തോടൊപ്പം യാത്ര പോകാൻ ലീവ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ദില്ലിയിൽ എത്തിയ യുവതി വീഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

ഭർത്താവിനെ ന്യായീകരിച്ചും വീട്ടുകാരെ വീണ്ടും തള്ളിപ്പറഞ്ഞും യുവതി ഇന്ന് വീണ്ടും വീഡിയോയുമായി രം​ഗത്തെത്തിയിരുന്നു. തനിക്ക് ആരുടെയും ഭീഷണി ഇല്ലെന്നും വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് അമ്മയെ അറിയിച്ചിട്ടെന്നുമാണ് യുവതി വീഡിയോയില്‍ പറയുന്നത്. താൻ പരാതി പറയാത്തത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സ്വന്തം യുട്യൂബ് പേജിലൂടെ പുറത്ത് വിട്ട വീഡിയോയിൽ യുവതി പറഞ്ഞു. 

രഹസ്യമൊഴിയിൽ നുണ പറയേണ്ടി വന്നതിനാൽ വീണ്ടും സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താൻ മജിസ്ട്രേറ്റ് കോടതി അവസരം തരണമെന്നാണ് യുവതിയുടെ ആവശ്യം. ബന്ധുക്കളിൽ ചിലരുടെ സമ്മർദ്ദം കാരണമാണ് ഭർത്താവുമായുള്ള തർക്കം ഈ രീതിയിൽ വഷളാക്കിയതെന്നും യുവതി പറയുന്നു. മകളെ കാണാനില്ലെന്ന അച്ഛന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ഒരു പുരോഗതിയും ഇല്ലാതെ മുന്നോട്ട് പോകുമ്പോഴാണ് യുവതി മൂന്നാമത് വീഡിയോയുമായി കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; വീണാ ജോര്‍ജിന്‍റെ കുവൈത്ത് യാത്ര മുടങ്ങി, നിര്‍ഭാഗ്യകരമെന്ന് മന്ത്രി

 

Latest Videos
Follow Us:
Download App:
  • android
  • ios