കോഴിക്കോട്:  പന്തീരാംകാവ് മാവോയിസ്റ്റ് കേസിലെ പ്രതികളായ അലനും താഹയും നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. വ്യാജത്തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസിൽ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. എന്നാൽ യു എ പി എ ചുമത്താൻ തക്ക തെളിവുകൾ ഇരുവർക്കുമെതിരെ ഉണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യുഎപിഎ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുക. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യുഎപിഎ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ. കേസിലെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തേക്കാള്‍ ഉപരി യുഎപിഎ വകുപ്പ് ചുമത്തിയതാണ് ജാമ്യം നിഷേധിക്കപ്പെടുന്നതില്‍ നിര്‍ണായകമായതെന്നാണ് പറയപ്പെടുന്നത്.