കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക. 7 ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസായിരുന്നു യുഎപിഎ നിയമപ്രകാരം അലൻ ഷുഹൈബിനും താഹക്കും എതിരെ ആദ്യം കേസെടുത്തത്. പിന്നീട് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

അതിനിടെ യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടല്‍. അലന്‍റേയും താഹയുടേയും വീടുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും. രാവിലെ എട്ടിന് കോഴിക്കോട് പന്തീരാങ്കാവിലെ താഹയുടെ വീട്ടിലാണ് രമേശ് ചെന്നിത്തല ആദ്യം എത്തുക. താഹയുടെ മാതാപിതാക്കളില്‍ നിന്ന് കാര്യങ്ങള് ചോദിച്ചറിയും. എട്ടരയോട് കൂടി അലന്‍റെ വീടും പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും. പന്തീരാങ്കാവ് യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടുമെന്ന് ഇന്നലെ എംകെ മുനീര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനം.