Asianet News MalayalamAsianet News Malayalam

പാപ്പച്ചന്‍റെ മകൾ റേച്ചലിന് തോന്നിയ സംശയം; ബാങ്ക് മാനേജർ സരിതയടക്കം 5 പ്രതികളെ പിടികൂടിയത് ഒറ്റ ദിവസം കൊണ്ട്

അനിമോന്‍റെ ഫോണ്‍ കോൾ രേഖകൾ പരിശോധിച്ച പൊലീസ്, ഇയാൾ നിരന്തരമായി സരിതയേയും അനൂപിനെയും വിളിക്കാറുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് പാപ്പച്ചന്‍റെ അക്കൗണ്ടുകൾ പരിശോധിച്ചത്.

Pappachans daughter Rachel had some doubts police investigate and arrested all suspects including the bank manager Saritha same day
Author
First Published Aug 9, 2024, 9:41 AM IST | Last Updated Aug 9, 2024, 9:45 AM IST

കൊല്ലം: മകൾ റേച്ചലിന് തോന്നിയ സംശയമാണ് കൊല്ലത്ത് അപകടം എന്ന് എഴുതി തള്ളിയ പാപ്പച്ചന്‍റെ മരണം കൊലപാതകമെന്ന കണ്ടെത്തലിലേക്ക് നയിച്ചത്. സിനിമാ തിരക്കഥകളെ പോലും വെല്ലുന്ന തരത്തിൽ ഒറ്റ ദിവസം കൊണ്ട് കേസിലെ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടി. 

ബിഎസ്എൻഎൽ എഞ്ചിനീയറായിരുന്ന പന്തളം കുടശനാട് സ്വദേശി പാപ്പച്ചൻ കൊല്ലത്തെ മിനിമുത്തൂറ്റ് നിധിയുടെ ഓലയിൽ ശാഖയിൽ അക്കൗണ്ട് തുടങ്ങുന്നത് വെറും ആറ് മാസം മുൻപാണ്. സമ്പന്നരായ ഇടപാടുകാരെ തേടി നടന്ന ബാങ്ക് മാനേജർ സരിത, പാപ്പച്ചനെ പരിചയപ്പെടുന്നത് ഏജന്റുമാർ വഴിയാണ്. പാപ്പച്ചന് മറ്റ് ബാങ്കുകളിലായി ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം ഉണ്ടെന്ന് മനസ്സിലാക്കിയ സരിത, അക്കൗണ്ടന്‍റ് അനൂപുമായി ചേർന്ന് സ്വാധീനിച്ച് അക്കൗണ്ട് തുറപ്പിച്ചു. പല ഘട്ടങ്ങളിലായി 36 ലക്ഷം രൂപ വരെ അക്കൗണ്ടിലെത്തി. പിന്നീട് ആകർഷകമായ പലിശ വാഗ്ദാനം ചെയ്ത് മറ്റു നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി.

എന്നാൽ ഈ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു. വാഗ്ദാനം ചെയ്ത വരുമാനം ലഭിക്കാതായതോടെ സംശയം വന്ന പാപ്പച്ചൻ ബാങ്കിലെത്തി ബഹളം വെച്ചതോടെയൊണ് വകവരുത്താൻ പ്രതികൾ പദ്ധതിയിട്ടത്. ഇതിനായി രണ്ടര ലക്ഷം രൂപക്ക് ഒന്നാം പ്രതി അനിമോനും കൂട്ടുകാരൻ മാഹിനും ക്വാട്ടേഷൻ നൽകി.

അപകട മരണമെന്ന് പൊലീസ് വിധിയെഴുതി മൂന്നാഴ്ച പിന്നിടുമ്പോഴാണ് മകൾ റേച്ചലിന് ചില സംശയങ്ങൾ തോന്നിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ അച്ഛൻ നടത്തുമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മകൾ പൊലീസിന് പരാതി നല്‍കി. അനിമോന്‍റെ ഫോണ്‍ കോൾ രേഖകൾ പരിശോധിച്ച പൊലീസ്, ഇയാൾ നിരന്തരമായി സരിതയേയും അനൂപിനെയും വിളിക്കാറുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് പാപ്പച്ചന്‍റെ അക്കൗണ്ടുകൾ പരിശോധിച്ചത്. പ്രാഥമികമായി തിരിമറി കണ്ടെത്തിയതോടെ ബാങ്കിന്‍റെ ഓഡിറ്ററെ വിവരം അറിയിച്ചു. ക്രമക്കേട് ഓഡിറ്ററും ശരിവെച്ചതോടെയാണ് ഒറ്റ ദിവസം കൊണ്ട് സരിത ഉൾപ്പെടെ അഞ്ച് പ്രതികളേയും പിടികൂടിയത്.

വിവരം പൊലീസിന് ചോര്‍ത്തിക്കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി, കൊലക്ക് ക്വട്ടേഷന് കൊടുത്ത ബാങ്ക് മാനേജറിൽ നിന്ന് ക്വട്ടേഷൻ സംഘം പിന്നീട് 18 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തട്ടിപ്പ് കണ്ടെത്തിയതിനെ തുർന്ന് സരിതയും അക്കൗണ്ടന്‍റ് അനൂപും 25 ലക്ഷം രൂപ ബാങ്കിൽ തിരിച്ചടച്ചിരുന്നു. 

കുടുംബവുമായി അസ്വാരസ്യത്തിലാണ് പാപ്പച്ചൻ എന്ന കാര്യം മാനേജര്‍ അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു. നിക്ഷേപ തുകയിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയത് പാപ്പച്ചൻ ചോദ്യം ചെയ്തപ്പോൾ അനുനയ ചര്‍ച്ചക്ക് എത്തി മടങ്ങും വഴിയാണ് പാപ്പച്ചന്‍റെ സൈക്കിളിൽ അനിമോൻ എന്നയാൾ ഓടിച്ച കാറിടിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള അനിമോൻ വാടകക്കെടുത്ത കാറാണ് സൈക്കിളിൽ ഇടിച്ചത്. അനിമോന്‍റെ അക്കൗണ്ടിലേക്ക് എത്തിയ രൂപയുടെ കണക്ക് പിന്തുടര്‍ന്നാണ് മാനേജര്‍ സരിത അടക്കമുള്ളവരുടെ പങ്ക് തെളിഞ്ഞത്. കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. 26 നാണ് പാപ്പച്ചൻ മരിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios