Asianet News MalayalamAsianet News Malayalam

സമാന്തര ടെലിഫോൺ എക്സ്ചേ‌ഞ്ച് കേസ്; അന്വേഷണം സ്വർണകടത്ത് കേസിലെ പ്രതികളിലേക്ക്

റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് ഹൈദരാബാദില്‍ സമാന്തര ടെലിഫോൺ എക്സ്ചേ‌ഞ്ച് നടത്തിയതിന് അറസ്റ്റിലായ റസല്‍ തെലങ്കാന പൊലീസിന് നല്‍കിയ മൊഴി.

parallel telephone exchange case Investigation to gold smuggling case accused kt ramees
Author
Kozhikode, First Published Sep 2, 2021, 7:43 AM IST

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസില്‍ അന്വേഷണം നയതന്ത്ര സ്വർണകടത്ത് കേസിലെ പ്രതി കെടി റമീസിലേക്ക്. തെലങ്കാനയില്‍ സമാനകേസില്‍ പിടിയിലായ തൊടുപുഴ സ്വദേശി റസല്‍, കെടി റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് മൊഴി നല്‍കി. അന്വേഷണ സംഘം ഇയാളെ വൈകാതെ ഹൈദരാബാദിലെത്തി ചോദ്യം ചെയ്യും.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് മറയാക്കി സ്വർണം കടത്തിയതിന് കസ്റ്റംസും എന്‍ഐഎയും എന്‍ഫോഴ്സമെന്‍റും രജിസ്റ്റർ ചെയ്ത കേസുകളില്‍ പ്രതിയാണ് കെടി റമീസ്. റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് ഹൈദരാബാദില്‍ സമാന്തര ടെലിഫോൺ എക്സ്ചേ‌ഞ്ച് നടത്തിയതിന് അറസ്റ്റിലായ റസല്‍ തെലങ്കാന പൊലീസിന് നല്‍കിയ മൊഴി. കൂടാതെ സ്വർണം കടത്താന്‍ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്കും കടത്ത് സംഘത്തിനുമിടയിലെ ഏജന്‍റായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് തെലങ്കാന പൊലീസിന്‍റെ കണ്ടെത്തല്‍.

റസലിനെ 2020ല്‍ സമാന്തര ടെലിഫോൺ എക്സ്ചേ‌ഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളത്ത് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. റസലും ഇതേ കേസില്‍ പ്രതിയായ ഇപ്പോൾ ഒളിവില്‍ കഴിയുന്ന മലപ്പുറം സ്വദേശി സലീം പുന്നക്കോട്ടിലും കോഴിക്കോട് കേസിലെ പ്രതികളും ചേർന്നാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയതെന്നാണ് കേരള പൊലീസിന്‍റെ കണ്ടെത്തല്‍. സമാന്തര എക്സ്ചേ‌ഞ്ചുകൾക്ക് വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ സിംകാർഡുകളെത്തിച്ചു നല്‍കിയതും റസാലാണെന്നാണ് നിഗമനം. ഈ സിംകാർഡുകളുപയോഗിച്ച് ഓൺലൈന്‍ പെയ്മെന്‍റ് ആപ്പുകൾ വഴി സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. ഈ ഇടപാടുകൾ സ്വർണകടത്തിലെ ഇടപാടുമായി ബന്ധപ്പെട്ട പണമാണോയെന്നും പരിശോധിക്കുന്നുണ്ട്.

ഗൾഫ് രാജ്യങ്ങൾക്ക് പുറമേ സ്വർണ ഖനനം നടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലും കേസിലെ പ്രതികൾ എക്സ്ചേ‌ഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതും സ്വർണകടത്ത് സംഘങ്ങൾക്ക് വേണ്ടിയാണെന്നാണ് നിലവിലെ നിഗമനം. നേരത്തെ കൊയിലാണ്ടിയില്‍ സ്വർണ കടത്ത് കാരിയറായ ഹനീഫയെ തട്ടികൊണ്ടുപോയ കടത്ത് സംഘം മോചിപ്പിക്കാന്‍ പണമാവശ്യപ്പെട്ട് വിളിച്ചത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ കൊച്ചിയിലെ എന്‍ഐഎ ഉദ്യോഗസ്ഥർ വീണ്ടും കോഴിക്കോട് ജില്ലാ ക്രൈംബ്രാ‌ഞ്ച് ഓഫീസിലെത്തി കേസ് വിവരങ്ങൾ ശേഖരിച്ചു.

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ പ്രതികൾക്ക് കെടി റമീസുമായുള്ള ബന്ധമടക്കം പൊലീസ് കേന്ദ്ര ഏജന്‍സികളെ അറിയിച്ചു കഴിഞ്ഞു. തീവ്രവാദബന്ധമടക്കം ആരോപിക്കപ്പെടുന്ന കേസില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകൾ പുറത്തുവരുമോയെന്നാണ് ഇനി അറിയേണ്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios