ദില്ലി: പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം കേരളത്തിന് തമിഴ്നാട് നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലയിലെ ഒമ്പത് പാടശേഖര സമിതികൾ സുപ്രീംകോടതിയിൽ  നൽകിയ ഹര്‍ജിപിൻവലിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനത്തിനെതിരെ കേരളം നൽകിയ ഹര്‍ജി പരിഗണനയിലുള്ളതിനാല്‍ പുതിയ ഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് പരാതിക്കാര്‍ പിന്‍മാറിയത്. 

കരാര്‍ പ്രകാരം പ്രതിവര്‍ഷം 12 ടി.എം.സി വെള്ളമാണ് കേരളത്തിന് കിട്ടേണ്ടത്. തമിഴ്നാടിന്‍റെയും കേരളത്തിന്‍റെ വീഴ്ചയാണ് കരാര്‍ പ്രകാരമുള്ള വെള്ളം കിട്ടാത്തതിന് കാരണമെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കരാറുമായി ബന്ധപ്പെട്ട അണക്കെട്ടുകളുടെ നിയന്ത്രണം കേരളത്തിന് കൂടി അനുവദിക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.