പറവൂര്‍ മേഖലയിലെ വവ്വാലുകളുടെ സാന്നിധ്യം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷിച്ചു വരികയാണ്. ഇതോടൊപ്പം പന്നികള്‍, പട്ടികള്‍, പൂച്ചകള്‍ എന്നിവയുടെ ആരോഗ്യസ്ഥിതിയും അസ്വഭാവികമായ പെരുമാറ്റവും ശ്രദ്ധിക്കാന്‍ നിര്‍ദേശം. 

പറവൂര്‍: പ്രദേശവാസിയായ യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് പറവൂരിലെ ആരോഗ്യപ്രവര്‍ത്തകര്‍. പറവൂരിലെ വാവ്വാലുകളുടെ സാന്നിധ്യവും മറ്റു മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്. വരും ദിവസങ്ങളില്‍ വെറ്റിനറി വിദഗ്ദ്ദര്‍ അടക്കമുള്ളവര്‍ മേഖലയില്‍ പരിശോധനയ്ക്ക് എത്തും എന്നാണ് വിവരം. വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്തുക എന്നത് കൂടി ലക്ഷ്യമിട്ടാണ് പറവൂരില്‍ ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍. 

പറവൂര്‍ മേഖലയില്‍ എവിടെയെങ്കിലും വവ്വാലുകള്‍ കൂട്ടത്തോടെ ചത്തിട്ടുണ്ടോ എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഇവിടെ എവിടെയങ്കിലും പന്നി ഫാമുകളുണ്ടോ എന്നും ഉണ്ടെങ്കില്‍ ഫാമുകളില്‍ അടുത്ത കാലത്തെങ്ങാനും പന്നികള്‍ ചത്തിട്ടുണ്ടോ അവയ്ക്ക് എന്തെങ്കിലും അസുഖങ്ങള്‍ കണ്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. വവ്വാലുകളില്‍ നിന്നും മൃഗങ്ങളിലേക്കും അവയില്‍ നിന്ന് മനുഷ്യരിലേക്കും നിപ വൈറസ് പടര്‍ന്ന ചരിത്രമുള്ളതിനാലാണ് ഈ തരത്തില്‍ അന്വേഷണം നടത്തുന്നത്. 1998-ല്‍ മലേഷ്യയില്‍ 105 പേര്‍ മരിക്കാനിടയായ നിപ വൈറസ് ബാധയുടെ ഉറവിടം പന്നികളിലായിരുന്നു. 

പന്നികളെ കൂടാതെ പട്ടികള്‍,പൂച്ചകള്‍ എന്നീ ജീവികളിലൂടേയും നിപ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് മറ്റു മൃഗങ്ങളേയും നിരീക്ഷിക്കുന്നത്. വളര്‍ത്തു മൃഗങ്ങള്‍ അസ്വഭാവികമായി പെരുമാറുകയോ എന്തെങ്കിലും അസുഖം ബാധിച്ചതായി കണ്ടെത്തുകയോ ചെയ്താല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

പറവൂരിലെ വടക്കേക്കര പഞ്ചായത്ത് അതീവ ജാഗ്രതയിലും നിരീക്ഷണത്തിലുമാണ്. ഈ പ്രദേശത്തെ ആര്‍ക്കെങ്കിലും നിപ ബാധ ലക്ഷണങ്ങളായ പനി, ഛർദ്ദി, ശക്തമായ തലയവേദന എന്നിവ അനുഭവപ്പെട്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. 
പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭാഗങ്ങളിലും ഇത് പരിശോധിക്കണം.

രോഗിയുമായി പതിനഞ്ച് മിനിറ്റിൽ കൂടുതൽ അടുത്ത് ഇടപഴകിയവർ കൂടുതൽ പേർ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അസ്വാഭാവികമായ മരണം ഉണ്ടായോ എന്നും അന്വേഷിക്കും. ആശുപത്രിയിൽ രോഗിയുമായി സമ്പർക്കം പുലർത്തിയവർ ആരൊക്കെ എന്ന് കണ്ടെത്താനും ആരോഗ്യവകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 

മുന്‍കരുതലെന്ന നിലയില്‍ പറവൂർ ബ്ലോക്കിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പനി ക്ലിനിക് തുടങ്ങും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ 21 ദിവസം തുടർച്ചയായി നിരീക്ഷിക്കണം. ആരോഗ്യ പ്രവർത്തകരും മുൻകരുതൽ സ്വീകരിക്കണം. രോഗം ഉണ്ടെന്ന് സംശയം തോന്നിയാൽ സാമ്പിൾ ശേഖരിക്കാൻ നടപടി എടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. സംശയങ്ങള്‍ ഉള്ളവര്‍ക്ക് 0471-2552056, 1056 (ടോള്‍ ഫ്രീ) എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ചോദിച്ചറിയാം. മെഡിക്കല്‍ സഹായം വേണമെങ്കിലും ഈ നമ്പറില്‍ ബന്ധപ്പെടുക.