കണ്ണൂര്‍: ഏറ്റെടുത്ത് ഒൻപത് മാസമായിട്ടും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ അടിയന്തര ആവശ്യങ്ങൾക്കായുള്ള ഫണ്ടനുവദിക്കാതെ സർക്കാർ. അവശ്യമരുന്നുകളും ആധുനിക പരിശോധന സംവിധാനങ്ങളും ഉൾപ്പെടെ സൗജന്യ നിരക്കിൽ നൽകേണ്ട സേവനങ്ങളൊന്നും നൽകാനാകാതെ പ്രതിസന്ധിയിലാണ് മെഡിക്കൽ കോളേജ്. കഴിഞ്ഞ മാസം ഇരുപത്തിമൂന്ന് കോടിയോളം സർക്കാർ മെഡിക്കൽ കോളേജുകൾക്കായി അനുവദിച്ചപ്പോഴും പരിയാരത്തെ തഴഞ്ഞതിൽ പ്രതിഷേധം വ്യാപകമാണ്.

പരിയാരം മെഡിക്കൽ കോളേജ് വികസന സമിതി അംഗം അഡ്വ. രാജീവൻ കപ്പച്ചേരി തന്നെ ഫണ്ടിന്‍റെ അപര്യാപ്തതയില്‍ പരാതിയുമായി രംഗത്തെത്തി. സർക്കാർ ഏറ്റെടുത്തെന്ന് പ്രഖ്യാപനം വന്നത് മുതൽ രോഗികളുടെ ഒഴുക്കാണ് പരിയാരത്തേക്ക്. പക്ഷേ, മുമ്പില്‍ ഒരു ബോര്‍ഡ് വച്ചിട്ടുണ്ടെന്നല്ലാതെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. മരുന്നുകള്‍ പോലും ആവശ്യത്തിനില്ലെന്നും രാജീവൻ കപ്പച്ചേരി ചൂണ്ടികാട്ടി.

മരുന്നുകൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക  മുപ്പത്തിയഞ്ച് കോടിയിലധികമാണ്. ഉടൻ അടച്ചില്ലെങ്കിൽ നിലവിൽ കിട്ടുന്ന മരുന്ന് പോലും ഇല്ലാതാകുമെന്നതാണ് സ്ഥിതി.  കാഷ്യാലിറ്റി ഉൾപ്പെടെ ഭൂരിഭാഗം ഡിപ്പാർട്മെൻറുകളിലേയും ഉപകരണങ്ങൾക്ക് ആശുപത്രിയോളം തന്നെ പഴക്കമുണ്ട്. സ്വന്തമായി എംആർഐ സ്കാനിങ്ങ് യന്ത്രമില്ല. കുടിയ നിരക്കിൽ സ്വകാര്യ കമ്പനിയുടെ സ്കാനിംഗ് യന്ത്രം തന്നെയാണ് ആശ്രയം. സിടി സ്കാൻ യന്ത്രം ഒരെണ്ണം മാത്രമാണ് പരിയാരത്തുള്ളത്.

ഹൃദ്രോഗികളുടെ ഐസിയുവിൽ കട്ടിലുകളുടെ കുറവ് കാരണം ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളെപ്പോലും മടക്കി അയക്കേണ്ട അവസ്ഥയുമുണ്ട്. ഉപകരണങ്ങൾ മാറ്റാനും പുതിയത് വാങ്ങാനും തന്നെ വേണം 26 കോടി. പരിതാപകരമാണ് ഹോസ്റ്റലുകളുടെ അവസ്ഥ. അടിയന്തരമായി 100 കോടി രൂപയെങ്കിലും അനുവദിച്ചില്ലെങ്കിൽ ആശുപത്രിയുടെ പ്രവർത്തനം തന്നെ അവതാളത്തിലാകുമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ചൂണ്ടികാട്ടുന്നത്.

വീഡിയോ സ്റ്റോറി കാണാം

"