കണ്ണൂ‌ർ: ഡോക്ടർമാരുടെ കുറവ് കാരണം ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് പോലും ചികിത്സ നൽകാനാകാതെ കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജ്. ഇരുപത്തിയഞ്ചിലധികം തസ്തികകളാണ് പരിയാരത്ത് ഒഴിഞ്ഞുകിടക്കുന്നത്. നിർണായക സമയത്ത് ചികിത്സ നൽകാനാകാതെ മടക്കി അയക്കേണ്ടി വന്ന  രോഗികൾക്ക് ജീവൻ നഷ്ടമായ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്ന്  പിജി ഡോക്ടർമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ന്യുറോ സർജറിയിലും ന്യൂറോ മെഡിസിനിലും രണ്ട് വീതം സീനിയർ ഡോക്ടർമാരുടെ ഒഴിവ്. കൂടുതൽ പേർ ചികിത്സക്കെത്തുന്ന ഓർത്തോയിൽ നാല് തസ്തികകളിൽ ആളില്ല. ദിവസവും നൂറിലധികം രോഗികൾ ‍ഡയാലിസിസിനെത്തുന്ന വൃക്ക രോഗവിഭാഗത്തിൽ ഒരു ‍‍ഡോക്ടർ മാത്രം. ജനറൽ സർജറി വിഭാഗവും ഗൈനക്കോളജി വിഭാഗവും ഡോക്ടർ ക്ഷാമത്തിൽ വലയുകയാണ്. ഹൃദ്രോഗ വിഭാഗത്തിലെ നാല് ഡോക്ടർമാർ പോയിട്ടും പകരം നിയമനമുണ്ടായിട്ടില്ല. പാരാമെഡിക്കൽ സ്റ്റാഫുകളുടെ കുറവും വലിയ പ്രതിസന്ധിയാണ്. വിഷയത്തിൽ അടിയന്തര സർക്കാർ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം.