ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്‍റിലെ സ്ഥിരസമിതി ചെയർമാൻ രാജീവ് പ്രതാപ് റൂഡി സ്വയം വിമാനം പറത്തി കൊച്ചിയിലെത്തി. ജെബി മേത്തർ എംപിയുടെ ആവശ്യപ്രകാരം മുല്ലപ്പെരിയാർ വിഷയവും ചർച്ച ചെയ്യും.
ദില്ലി: ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്‍റിലെ സ്ഥിരസമിതി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപി ഇന്നലെ കൊച്ചിയിലെത്തിയത് സ്വയം വിമാനം പറത്തി. ഇൻഡിഗോയുടെ ബെംഗളൂരു- കൊച്ചി വിമാനത്തിലാണ് ഇന്നലെ വൈകിട്ട് രാജീവ് പ്രതാപും സംഘവും എത്തിയത്. ജെബി മേത്തർ എംപി ഉൾപ്പെടെയുള്ള ഏതാനും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു .
മുൻ വ്യോമയാന മന്ത്രി കൂടിയായ രാജീവ് പ്രതാപ് റൂഡി കോമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ള ഏക പാർലമെൻറ് അംഗമാണ്. സ്ഥിരമായി ഇൻഡിഗോ വിമാനങ്ങൾ പറത്താറുണ്ട്. പൈലറ്റ് ലൈസൻസ് നിലനിർത്തുന്നതിനാണ് ഇൻഡിഗോയുമായി ബന്ധപ്പെട്ട അദ്ദേഹം പ്രവർത്തിക്കുന്നത്. എ 320 വിമാനങ്ങൾ പറത്തുന്നതിൽ അദ്ദേഹത്തിന് പ്രാവണ്യമുണ്ട് .
സമിതി ജൂലൈ ഒന്നു വരെ കേരളത്തിൽ ഉണ്ടാകും. മൂന്നാർ, ഇടുക്കി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം സ്വച്ഛ് ഭാരത് മിഷൻ, ജൽജീവൻ മിഷൻ തുടങ്ങിയവയുടെ കേരളത്തിലെ പ്രവർത്തന പുരോഗതിയും വിലയിരുത്തും.
പാർലമെന്‍ററി സമിതിയുടെ അജണ്ടയിൽ മുല്ലപ്പെരിയാർ വിഷയവും ഉൾപ്പെടുത്തി. ജെബി മേത്തർ എംപിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി. മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിൻറെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തിൽ ആവശ്യപ്പെടും. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന ആവശ്യവും ചർച്ചയാവും. രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലുള്ള പാർലമെൻററി ഉപസമിതി വിളിച്ചുചേർത്ത യോഗത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
