Asianet News MalayalamAsianet News Malayalam

കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തു,സ്വന്തം പുരയിടത്തിൽ കൃഷി ഇറക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി

കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പ്രദേശത്തെ സര്‍ക്കാര്‍ അനുകൂലികളായ ചിലര്‍ ബോധപൂര്‍വം തന്‍റെ പുരയിടത്തില്‍ കൃഷിയിറക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് റോസ്ലിന്റെ ആരോപണം

participated in the k rail strike, complaining that she was not allowed to plant crops in her own land
Author
First Published Aug 25, 2022, 7:09 AM IST

കോട്ടയം : കോട്ടയം മാടപ്പളളിയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയതിന്‍റെ പേരില്‍ വീട്ടമ്മയുടെ പുരയിടത്തില്‍ കൃഷിയിറക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പരുക്കേറ്റ റോസ്‌ലിൻ ഫിലിപ്പ് എന്ന വീട്ടമ്മയുടെ പുരയിടത്തില്‍ കൈതച്ചക്ക കൃഷി തടയാന്‍ നാട്ടുകാരില്‍ ചിലര്‍ ആസൂത്രിതമായി എതിര്‍പ്പ് ഉന്നയിച്ചെന്നാണ് ആരോപണം.

 

മാടപ്പളളിയിലെ കെ റെയില്‍ വിരുദ്ധ സമരത്തിന്‍റെ മുഖമാണ് റോസ്ലിൻ ഫിലിപ്പ്. സമരത്തിനിടെ റോസ്ലിനെ പൊലീസ് വലിച്ചിഴച്ചത് ഏറെ വിവാദമായിരുന്നു. പിന്നീട് സമരത്തിന്‍റെ നേതൃനിരയില്‍ റോസ്ലിൻ ഉണ്ടായിരുന്നു താനും. മാടപ്പളളിയിലെ സമര വേദിയില്‍ നിന്ന് ഏതാണ്ട് ഒരു കിലോ മീറ്റര്‍ ദൂരം അകലെയാണ് റോസ്ലിന്റെ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുളള ഭൂമി. ഒരേക്കറോളം വിസ്തീര്‍ണമുളള ഭൂമിയില്‍ കൈതച്ചക്ക കൃഷി നടത്താനുളള നീക്കമാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. കൈത തൈകള്‍ നട്ടെങ്കിലും നാട്ടുകാര്‍ പരാതിപ്പെട്ടതോടെ നട്ട തൈകള്‍ മുഴുവന്‍ പിഴുതു മാറ്റേണ്ടി വന്നു. കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പ്രദേശത്തെ സര്‍ക്കാര്‍ അനുകൂലികളായ ചിലര്‍ ബോധപൂര്‍വം തന്‍റെ പുരയിടത്തില്‍ കൃഷിയിറക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് റോസ്ലിന്റെ ആരോപണം.

പ്രശ്നത്തില്‍ പൊലീസും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാലാണ് കൈത കൃഷി തടഞ്ഞത് എന്ന റോസ്ലിന്റെ ആരോപണം ശരിവയ്ക്കാന്‍ ഇരു വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. കൈതച്ചക്ക കൃഷി നടക്കുന്ന പല സ്ഥലങ്ങളിലും നാട്ടുകാരുടെ എതിര്‍പ്പ് സ്വാഭാവികമാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനിയെ കുറിച്ചടക്കം നാട്ടുകാര്‍ക്കുളള ആശങ്കയാണ് മിക്കയിടത്തും എതിര്‍പ്പിന് കാരണമാകാറുളളതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
 

Follow Us:
Download App:
  • android
  • ios