Asianet News MalayalamAsianet News Malayalam

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് മുന്നണികള്‍

വെറുമൊരു ഉപതെരഞ്ഞെടുപ്പ് മാത്രമല്ല വരുന്നത്. കാസർക്കോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മണ്ഡലങ്ങളിലെ വിധി സംസ്ഥാനത്തെ പൊതുവിധിയായാവും വിലയിരുത്തപ്പെടുക. 

parties begins discussions for by elections
Author
Thiruvananthapuram, First Published Sep 22, 2019, 7:03 AM IST

തിരുവനന്തപുരം:അഞ്ചിടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർഥി നിർണയ ചർച്ചകളുടെ തിരക്കിലേക്ക് നീങ്ങുകയാണ് മുന്നണികൾ. ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരും. നാളെയും മറ്റന്നാളുമായി യുഡിഎഫ് നേതാക്കൾ കൂടിയാലോചനകൾ നടത്തും. ബിജെപി കോർ കമ്മിറ്റി ഇന്ന് ചേരും. 

വെറുമൊരു ഉപതെരഞ്ഞെടുപ്പ് മാത്രമല്ല വരുന്നത്. കാസർക്കോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മണ്ഡലങ്ങളിലെ വിധി സംസ്ഥാനത്തെ പൊതുവിധിയായാവും വിലയിരുത്തപ്പെടുക. തദ്ദേശ ഭരണ തെരഞ്ഞെടുപ്പും പിന്നെ നിയമസഭാ തെരഞ്ഞെടുപ്പും വരും മുമ്പുള്ള മത്സരം മൂന്ന് മുന്നണികൾക്കും ജീവന്മരണ പോരാട്ടമാണ്. 

ലോകസ്ഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വന്‍ വിജയം ഒരു പ്രത്യേക സാഹചര്യത്തിലുള്ളതെന്നായിരുന്നു ഇടതുമുന്നണിയുടെ വിലയിരുത്തലും ന്യായീകരണവും. അതൊക്കെ മാറിയെന്ന് തെളിയിച്ചുള്ള തിരിച്ചു വരവാണ് ഇടതിനുള്ള വെല്ലുവിളി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാലും യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റുകളാണ്. പക്ഷെ അഞ്ചും ആരുടെയും കുത്തക മണ്ഡലമാണെന്ന് ഉറപ്പിച്ച് പറയാനാകാത്ത സ്ഥിതിയാണ്. 

മഞ്ചേശ്വരമൊഴികെ നാലും കോൺഗ്രസ് സീറ്റ്. അതും ഐ ഗ്രൂപ്പ് മണ്ഡലങ്ങൾ. ഗ്രൂപ്പിനപ്പുറത്തേക്ക് വെച്ചുമാറൽ വേണമെങ്കിൽ അതടക്കം നേതാക്കൾ ചർച്ച ചെയ്യും. ഇടതുപക്ഷത്താവാട്ടെ അഞ്ചും സിപിഎം മത്സരിച്ചു പോരുന്ന സീറ്റുകൾ. ബിഡിജെഎസിന് നൽകാൻ ധാരണയുള്ള അരൂർ ഒഴികെ നാലിടത്തും ബിജെപി പോരിനിറങ്ങും. 

പാലാ പോരിൽ തുടങ്ങി അഴിമതിയെ ചൊല്ലിയുള്ള വാദപ്രതിവാദമാിണിപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചർച്ച. അഞ്ചിടത്തും അഴിമതിയില്‍ ഊന്നി തന്നെയാകും പ്രചാരണം. പാലാരിവട്ടം പാലം ഇടതുപക്ഷം ചര്‍ച്ചയാക്കുമ്പോള്‍ കിഫ്ബിയും കിയാലും യുഡിഎഫ് ആയുധമാക്കും. ശബരിമല വിഷയത്തിലും യുഡിഎഫിനും ബിജെപിക്കും ഇപ്പോഴും പ്രതീക്ഷയുണ്ട്.

Follow Us:
Download App:
  • android
  • ios