ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ കടത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ആലപ്പുഴ നീലംപേരൂർ ബ്രാഞ്ച് സെക്രട്ടറി കെ പി സുകുമാരനെ ഒരു വർഷത്തേക്ക് സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എൽഡിഎഫ് ഭരിക്കുന്ന കുട്ടനാട്ടിലെ നീലംപേരൂർ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് പഞ്ചായത്ത്‌ മെബർക്കൊപ്പം ബ്രാഞ്ച് സെക്രട്ടറി വെട്ടിച്ചത്. 

കേരള കോൺഗ്രസ്‌ സ്കറിയ തോമസ് വിഭാഗം നേതാവും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ പ്രിനോ ഉതുപ്പനെ നാട്ടുകാർ ഇന്നലെ പരസ്യ വിചാരണ ചെയ്തിരുന്നു. നാട്ടുകാരോട് ക്ഷമാപണം നടത്തിയ പ്രിനോ ഉതുപ്പൻ തിരിമറി നടത്തിയ സാധനങ്ങളുടെ വില ക്യാംപ്  കൺവീനർക്ക് കൈമാറുകയും ചെയ്തിരുന്നു. 3609 രൂപ നാട്ടുകാരുടെ സാന്നിധ്യത്തിൽ തിരികെ നൽകി. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഭക്ഷ്യകിറ്റുകൾ ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ കൈനടി പോലീസ് അന്വേഷണം തുടങ്ങി.