ടിഎംസി പ്രവർത്തകർ ഭവാനിപുർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ സംഘടിച്ചതോടെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. സൗത്ത് കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ് റൂമിലാണ് മമത എത്തിയത്.

കൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്തയിൽ അർദ്ധരാത്രിയിലും നാടകീയ രംഗങ്ങൾ തുടരുന്നു. മമത ബാനർജിയുടെ മണ്ഡലത്തിൽ ത്രിണമൂൽ കോൺഗ്രസിന്‍റെ വാഹനം തടഞ്ഞ് ബിജെപി പ്രതിഷേധം. മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നു എന്നും, പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി വണ്ടി തടഞ്ഞത്. ഭവനിപ്പൂരിലെ കൗണ്ടിംഗ് സെന്‍ററിൽ മമത എത്തി എന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ മണ്ഡലത്തിൽ ബിജെപി വലിയ പ്രതിഷേധവുമായി രംഗത്തെത്തിയത്. മമത എന്തും ചെയ്യാൻ മടിക്കില്ലെന്നും, വോട്ടെണ്ണൽ വരെ എല്ലാ സ്ട്രോങ്ങ് റൂമുകൾക്കും കാവൽ നിൽക്കാൻബിജെപി നേതാക്കൾ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങൾ അനുവാദമില്ലാതെ തുറന്നുവെന്നും അതിൽ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് ബംഗാളിൽ പുതിയ വിവാദമുയ‍ർന്നത്. ടിഎംസി പ്രവർത്തകർ ഭവാനിപുർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ സംഘടിച്ചതോടെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. സൗത്ത് കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ് റൂമിലാണ് മമത എത്തിയത്. സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ ബിജെപി പദ്ധതിയിടുന്നതായി മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു. സ്ട്രോങ് റൂമുകൾക്ക് കാവലിരിക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകിയ മമത, ആവശ്യമെങ്കിൽ താൻ നേരിട്ട് കാവലിരിക്കുമെന്നും വോട്ടെണ്ണൽ ഹാളിലേക്ക് നേരിട്ട് പോകുമെന്നും വ്യക്തമാക്കി.

എന്നാൽ ടിഎംസിയുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കുന്ന നടപടിയാണ് കൊൽക്കത്തയിലെ സ്ട്രോംഗ് റൂമിൽ നടന്നതെന്നും ഇത് എല്ലാവരെയും നേരത്തെ അറിയിച്ചതാണ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൊൽക്കത്തയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അർദ്ധരാത്രി വാർത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഇവിഎം സൂക്ഷിച്ച സ്ട്രോംഗ് റൂമുകൾ ഒന്നും തുറന്നിട്ടില്ല. മമത ബാനർജി കൊൽക്കത്ത നോർത്തിലെ 7 മണ്ഡലങ്ങളിലെ ഇവിഎം സൂക്ഷിച്ച സ്ഥലത്ത് പോകാൻ പാടില്ല. അവർ അവിടെ സ്ഥാനാർഥി അല്ല. ആര് ചട്ടം ലംഘിച്ചാലും കടുത്ത നടപടി ഉണ്ടാകും എന്നും ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാൾ വ്യക്തമാക്കി.