രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ഹാജരാകാൻ ആവില്ലെന്ന് രാവിലെ അറിയിച്ചിരുന്നെങ്കിലും പിന്നീട്  തീരുമാനം മാറ്റുകയായിരുന്നു

കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഹാജരായി. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്. ഇന്ന് ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. രക്ത സമ്മർദം ഉയർന്നതിനെ തുടർന്ന് ഹാജരാകാൻ ആവില്ലെന്ന് രാവിലെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട പൊലീസിനെ അറിയിച്ചിരുന്നത്. ഇതേതുടര്‍ന്ന്, ചികിത്സാ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസിൽ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നത്. 

ഇന്നലെ ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയില്ല. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങാനായിരുന്നു പൊലീസിന്‍റെ ആലോചന. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.