കോഴ വിവാദത്തില്‍ നിന്ന് ഒളിച്ചോടി അനിൽ ആന്‍റണി; 'ഇനി പ്രതികരിക്കാനില്ല, ചര്‍ച്ച വികസനത്തെ കുറിച്ച് മാത്രം'
ദല്ലാൾ നന്ദകുമാർ ഉന്നയിച്ച കോഴ ആരോപണം വിശദീകരിക്കാൻ അനിൽ ആന്‍റണിക്കും ആന്‍റോ ആന്‍റണിക്കും ബാധ്യതയുണ്ടെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന്‍റെ പ്രതികരണം.
പത്തനംതിട്ട: കോഴ വിവാദത്തിൽ ഇനി പ്രതികരണത്തിനില്ലെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്‍റണി. ഇനി വികസന കാര്യങ്ങൾ മാത്രമെ സംസാരിക്കൂവെന്നും അനിൽ വ്യക്തമാക്കി. എന്നാൽ ദല്ലാൾ നന്ദകുമാർ ഉന്നയിച്ച കോഴ ആരോപണം വിശദീകരിക്കാൻ അനിൽ ആന്‍റണിക്കും ആന്‍റോ ആന്‍റണിക്കും ബാധ്യതയുണ്ടെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന്‍റെ പ്രതികരണം.
ദല്ലാളിന്‍റെ കോഴ ആരോപണം തെരഞ്ഞെടുപ്പ് കളത്തിൽ ചൂടേറിയ ചർച്ച ആയിരുന്നു. തെളിവുകൾ പുറത്തുവിടുമെന്ന് നന്ദകുമാറും കാണട്ടെയെന്ന് അനിലും ഇന്നലെ വെല്ലുവിളിച്ചെങ്കിൽ ഇന്ന് അനിൽ ആന്‍റണി ഒരുപടി പിന്നോട്ടുപോയി. കോഴ വിവാദത്തിൽ ഇനി പ്രതികരണത്തിനില്ലെന്നും വികസന കാര്യങ്ങൾ മാത്രമെ സംസാരിക്കൂ എന്നുമാണ് ഇന്ന് അനില്‍ പറഞ്ഞത്. ദല്ലാളിന് പിന്നിൽ പി ജെ കുര്യനും ആന്‍റോ ആന്‍റണിയുമാണെന്ന് പക്ഷെ അനിൽ ആവർത്തിക്കുന്നുണ്ട്. കോഴ ആരോപണത്തെ പ്രതിരോധിക്കാൻ ആന്‍റോ ആന്‍റണിയുടെ കുടുംബം സഹകരണ തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം അനിൽ ശക്തമാക്കുന്നു.
16 കോടിയുടെ സഹകരണ ബാങ്ക് തട്ടിപ്പിൽ തെളിവുകൾ പുറത്തുവിടുമെന്നാണ് അനിൽ പറയുന്നത്. ആന്‍റോ - അനിൽ പോരിലേക്ക് പത്തനംതിട്ടയിലെ രാഷ്ട്രീയ കളം മാറുന്നത് അപകടമെന്ന് മനസ്സലാക്കിയാണ് തോമസ് ഐസക്കിന്‍റെ ലാൻഡിംഗ്. കോഴയിൽ ഇരുവരും വിശദീകരണം തന്നേതീരൂ എന്നാണ് തോമസ് ഐസക്ക് ആവശ്യപ്പെടുന്നത്. അനിൽ ആന്‍റണിക്ക് എതിരെ ശക്തമായ തെളിവുകൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച ദല്ലാൾ നന്ദകുമാറിന്‍റെ നിശബ്ദതയും വരും ദിവസങ്ങളിൽ ചർച്ചയാകും.