കൂടുതൽ അവധിക്കാല  ക്യാമ്പുകൾ  ഒരുക്കിയും നഷ്ടപ്പെട്ട നോട്ടുകൾ വീണ്ടും എഴുതിയും തളരാതെ പഠിച്ചുമാണ് പത്തനംതിട്ടയിലെ കുട്ടികളും അധ്യാപകരും ഈ വർഷവും മിന്നുന്ന വിജയം തുടർന്നത്. 

പത്തനംതിട്ട: പ്രളയം തക‍ർത്തെറിഞ്ഞിട്ടും എസ്എസ്എൽസി പരീക്ഷയിലെ മിന്നുന്ന വിജയം തുടർന്ന് പത്തനംതിട്ട. പരീക്ഷ എഴുതിയവരിൽ 99.34% പേരെയും ഉന്നത വിദ്യഭ്യാസത്തിന് യോഗ്യരാക്കിയാണ് ഈ വ‌ർഷവും പത്തനംതിട്ട വിജയശതമാനത്തിൽ ഒന്നാം സ്ഥാനം നിലനിർത്തിയത് .

10852 പേരാണ് ഇത്തവണ പത്തനംതിട്ടയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇവരിൽ 10780 പേരും വിജയിച്ചു. ജില്ലയിലെ168 സ്കൂളുകളിൽ 130 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 2018 ലെ എസ്എസ്എൽസി പരീക്ഷാ ഫലം വന്നപ്പോഴും പത്തനംതിട്ടയായിരുന്നു വിജയശതമാനത്തിൽ ഒന്നാമത്. 99.10 ആയിരുന്നു അന്നത്തെ വിജയശതമാനം.

എന്നാൽ കഴിഞ്ഞ വ‌ർഷത്തേതിൽ നിന്ന് തികച്ചും വിഭിന്നമായിരുന്നു ഇത്തവണ പത്തനംതിട്ടയിലെ സാഹചര്യം, കേരളത്തെ മുക്കിയ മഹാ പ്രളയം ഏറ്റവും കൂടുതൽ സംഹാര താണ്ഡവമാടിയ ജില്ലകളിലൊന്നായിരുന്നു പത്തനംതിട്ട. 

പ്രളയത്തിൽ നാട് മുഴുവൻ മുങ്ങിയപ്പോൾ പത്തനംതിട്ടയിലെ മിക്ക സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളായി മാറി. ഇതോടെ ഒരുപാട് അധ്യായന ദിനങ്ങൾ നഷ്ടമായി. വെള്ളമിറങ്ങി വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ഒഴുകിപ്പോയിരുന്നു.

എന്നാൽ ദിവസങ്ങൾ നഷ്ടപ്പെട്ടതോ, പാഠ പുസ്തകങ്ങൾ ഒഴുകിപ്പോയതോ പത്തനംതിട്ടയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും തളർത്തിയില്ല. കൂടുതൽ അവധിക്കാല ക്യാമ്പുകൾ ഒരുക്കിയും നഷ്ടപ്പെട്ട നോട്ടുകൾ വീണ്ടും എഴുതിയും തളരാതെ പഠിച്ചുമാണ് പത്തനംതിട്ടയിലെ കുട്ടികളും അധ്യാപകരും ഈ വർഷവും മിന്നുന്ന വിജയം തുടർന്നത്. പ്രളയത്തെ തോൽപ്പിക്കാനുള്ള ഇവരുടെ നിശ്ചയദാർഢ്യത്തിന് വിദ്യഭ്യാസ വകുപ്പും പൂർണ പിന്തുണ നൽകി.