Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിലെ എൽഡി ക്ലാർക് നിയമനം വിവാദത്തിൽ; നിയമന ഉത്തരവ് കൈമാറിയ രീതിക്കെതിരെ പരാതി

സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ഇന്നലെയാണ് അവശേഷിക്കുന്ന 23 പേർക്ക് നിയമന ഉത്തരവ് നൽകിയത്

Pathanamthitta LD clerk appointment controversy
Author
First Published Nov 23, 2022, 9:17 AM IST

പത്തനംതിട്ട: റവന്യു വകുപ്പിലെ എൽഡി ക്ലാർക് തസ്തികയിലേക്ക് പുതുതായി നിയമിക്കപ്പെട്ടവർക്ക് നിയമന ഉത്തരവ് നൽകിയ രീതി വിവാദത്തിൽ. 25 പേരുടെ പട്ടികയിൽ രണ്ട് പേർക്ക് മാത്രം നേരിട്ട് ഉത്തരവ് നൽകി. നിയമന ഉത്തരവ് രജിസ്റ്റേഡ് തപാൽ വഴി അയക്കണമെന്ന ചട്ടം നിലനിൽക്കെയാണ് ഇത് ലംഘിച്ചത്. ഇത് ജോയിന്റ് കൗൺസിൽ നേതാക്കളുടെ ഇടപെടൽ മൂലമാണെന്നാണ് ആക്ഷപം. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

ഇക്കഴിഞ്ഞ 18നാണ് ജില്ലയിലെ വിവിധ റവന്യു ഓഫീസുകളിലേക്ക് എൽഡി ക്ലർക്ക്മാരെ നിയമിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടത്. 25 പേരുടെ പട്ടികയിൽ 10 റാങ്കുകാരനായ അനന്തു പ്രദീപും 14 റാങ്കുകാരിയായ ആർ ശ്രീജയും 21 തീയതി അടൂർ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. പട്ടികയിൽ ഉള്ള ബാക്കി 23 പേർക്ക് നിയമന ഉത്തരവ് കിട്ടിയിട്ടുമില്ല. കളക്ട്രേറ്റിലെ രഹസ്യ വിഭാഗത്തിൽ നിന്ന് പട്ടികയിലുള്ള മുഴുവൻ ആളുകൾക്കും ഒരേപോലെ ഉത്തരവ് അയക്കുന്നതാണ് സാധാരണ നടപടിക്രമം. ഇത് പ്രകാരം ഇന്നലെയാണ് ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി കളക്ട്രേറ്റിൽ നിന്ന് നിയമന ഉത്തരവ് അയച്ചത്. ചുരുക്കത്തിൽ അനന്തുവും ശ്രീജയും കളക്ട്രേറ്റിൽ നിന്ന് ഉത്തരവ് അയക്കുന്നതിന് മുൻപ് തന്നെ ജോലിയിൽ പ്രവേശിച്ചു.

പത്താം റാങ്കുകാരനായ അനന്തുവിന്റെ വിലാസത്തിൽ തെറ്റുണ്ടായിരുന്നതിനാൽ ഇത് തിരുത്താനുള്ള അപേക്ഷ നൽകിയിരുന്നുവെന്ന് ജോയിന്റ് കൗൺസിൽ വാദിക്കുന്നു. നടപടി ക്രമങ്ങൾ പാലിച്ചാണ് അനന്തു നേരിട്ട് ഉത്തരവ് കൈപ്പറ്റിയതെന്നാണ് ജോയിന്റ്കൗൺസിലിന്റെ വിശദീകരണം. അഡ്രസ് തിരുത്തുന്നത് സംബന്ധിച്ച് അപക്ഷകൾ കിട്ടിയോ എന്നതിൽ സീക്രട്ട് സെക്ഷൻ സൂപ്രണ്ടിന് വ്യക്തമായ മറുപടി ഇല്ല. കളക്ടറുടെ നിർദേശ പ്രകാരം തിരുവല്ല സബ്കളക്ടറാണ് സംഭവം അന്വേഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios