തിരുവനന്തപുരം/ പത്തനംതിട്ട: ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം തിരക്കിട്ട് സംസ്കരിക്കില്ലെന്ന് കുടുംബം. സിബിഐ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക്ശേഷമാണ് പ്രതികരണം. വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാം ഉടമ മത്തായിയുടെ കേസ് അന്വേഷണം അടിയന്തരമായി സിബിഐയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. 

ഏതെങ്കിലും പ്രതിഷേധത്തിന്‍റെ ഭാഗമായല്ല സംസ്കാര ചടങ്ങുകൾ നടത്താത്തതെന്ന് കുടുംബം വ്യക്തമാക്കി. അന്വേഷണത്തിന്‍റെ ഭാഗമായി മൃതദേഹം സംരക്ഷിച്ച് വക്കുകയാണ് ചെയ്തത്. സിബിഐ അന്വേഷണത്തിന്‍റെ ഭാഗമായി വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇക്കാര്യത്തിൽ തീരുമാനം ആയാലുടൻ സംസ്കാര ചടങ്ങ് നടത്തുമെന്നും മത്തായിയുടെ കുടുംബം അറിയിച്ചു.

മൃതദേഹം സംസ്ക്കാരിക്കാതെയുള്ള കുടുംബത്തിന്റെ പ്രതിഷേധത്തിലൂടെയാണ് മത്തായിയുടെ മരണം ചർച്ചയായത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലാന്നായിരുന്നു തുടക്കം മുതലുള്ള കുടുംബത്തിന്റെ നിലപാട്. ഒരു മാസമായിട്ടും മൃതദേഹം സംസ്കരിക്കാത്തത് സർക്കാരിനെ സമ്മർദ്ദത്തിലാക്കി. ഈ സാഹചര്യത്തിലാണ് കോടതിയിൽ സിബിഐ അന്വേഷണത്തെ  അനുകൂലിച്ചുള്ള നിലപാടിലേക്ക് സർക്കാരിനെ എത്തിച്ചത്.  

ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങളും മൊഴികളുടെ പകർപ്പുകളും സർക്കാർ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി. നിലവിൽ ആരേയും പ്രതി ചേർത്തിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ എന്തുകൊണ്ടാണ് ആരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാതിരുന്നതെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മൃതദേഹം എസ്റ്റേറ്റ് കിണറിൽ കണ്ടെത്തുന്നത്. മത്തായിയെ കസ്റ്റഡിയിലെടുത്തതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴചയെന്ന് വനം വകുപ്പ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലുള്ള ആളുടെ സുരക്ഷ  ഉറപ്പാക്കാനോ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന പരാമർശം. ചട്ടങ്ങൾ പാലിക്കാതെയാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്ത ആളെ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചില്ല. വൈദ്യ പരിശോധന നടത്തുന്നതിൽ വീഴ്ച സംഭവിച്ചു. മൊഴി എടുക്കാതെ തെളിവെടുപ്പ് നടത്തി എന്നിങ്ങനെയാണ് മറ്റ് കണ്ടെത്തലുകൾ.

 

ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം: സിബിഐ അന്വേഷണത്തിന് വിട്ട് ഹൈക്കോടതി