12 വയസുകാരിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയൊന്നരവർഷം കഠിന തടവ്

പത്തനംതിട്ട: 12 വയസുകാരിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിയൊന്നരവർഷം കഠിന തടവ്. പത്തനംതിട്ട കവിയൂർ സ്വദേശി രഞ്ജിത്ത് വി. രാജനെ (38) ആണ് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 31 വർഷവും ആറുമാസവും കഠിനതടവും 1,43,000 രൂപ പിഴയുമാണ് ശിക്ഷ. 2024 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ നിർബന്ധിച്ച് സ്വന്തം വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് പല ദിവസങ്ങളിൽ പ്രതിയുടെ വീട്ടിൽ വെച്ചും കുട്ടിയുടെ വീട്ടിൽ വെച്ചും ലൈംഗിക അതിക്രമം തുടർന്നു. പെൺകുട്ടിയുടെ പരാതിയിൽ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. തിരുവല്ല പോലീസ് ആണ് കേസ് അന്വേഷിച്ചത്. ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണൻ ബികെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 24 നിർണ്ണായക രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ശരിവെച്ചുകൊണ്ടാണ് പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി മഞ്ജിത്ത് ടി വിധി പ്രസ്താവിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.