സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. വിപുലീകൃത സംസ്ഥാന കമ്മറ്റി പാർട്ടി ഭരണഘടനയുടെ ലംഘനമെന്നാണ് വിമർശനം. ഇത്തരമൊരു യോഗത്തിന് പാർട്ടി ഭരണഘടനയിൽ സാധുതയില്ലെന്നും വിപുലീകൃത സംസ്ഥാന കമ്മറ്റി ഏത് ഭരണഘടനാ വ്യവസ്ഥ പ്രകാരമാണ്? സംസ്ഥാന കമ്മറ്റി യോഗത്തിൽ പുറത്തുനിന്നുള്ളവർക്ക് പങ്കെടുക്കാനാകില്ലെന്ന് പറഞ്ഞ മനു തോമസ് സംയുക്ത യോഗം എന്ന് വിളിക്കുന്നതാണ് കൂടുതൽ ശരിയെന്ന് പരിഹാസിക്കുകയും ചെയ്തു. കൂടാതെ, ഭരണഘടനാപ്രകാരമുള്ള ഇലക്ടഡ് ബോഡിയല്ല ഇതെന്നും നയപരമോ സംഘടനാപരമോ ആയ തീരുമാനങ്ങൾ എടുക്കാനാകില്ല, മൂന്ന് ദിവസം കൊണ്ട് മൂന്ന് കോടി രൂപ വിപുലീകൃതമാകും, ഇഡിയെ മുന്നിൽ നിർത്തിക്കൊണ്ട് പാർട്ടിയിൽ ഉയരുന്ന അഞ്ചാം പതിക്കാർക്കെതിരെയുള്ള പിണറായി ഫാൻസിന്‍റെ ശക്തി പ്രകടനത്തിലേക്ക് എല്ലാവർക്കും സ്വാഗതമെന്നും മനു തോമസ് വിമർശിച്ചു.

അതേസമയം, തെര‍ഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ അടിമുടി തിരുത്തിന് ലക്ഷ്യമിട്ടുള്ള സംസ്ഥാന സമിതിയുടെ വിപുലീകൃത യോഗത്തിനായുള്ള ഒരുക്കത്തിലേക്ക് സിപിഎം കടന്നുട്ടുണ്ട്. പാർട്ടിയിൽ വലിയ തിരുത്തലുകളാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പുതിയ ഊർജ്ജത്തോടെ സിപിഎം തിരിച്ചുവരുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് അടുത്തമാസം നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന സമിതിയുടെ സംഘാടക സമിതി രൂപീകരണം നിർവഹിച്ചുകൊണ്ടാണ് ഈ മാസം ആദ്യം സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികൾ എന്നിവർ വിപുലീകൃത കമ്മിറ്റിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വിവരിച്ചു. പയ്യന്നൂർ കമ്മിറ്റിയിൽ പുനഃസംഘടനയോ ഇളക്കിപ്രതിഷ്ഠയോ ഉണ്ടായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.