കോടതി ഉത്തരവുണ്ടായിട്ടും ഡി.ഇ.ഒ ഓഫീസിലെ ഉദ്യോഗസ്ഥരാണ് നടപടികൾ വൈകിപ്പിച്ചതെന്ന് ഷിജോയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

പത്തനംതിട്ട:നാറാണംമൂഴി സ്വദേശി ഷിജോയുടെ ആത്മഹത്യയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം. എയ്ഡഡ് സ്കൂൾ അധ്യാപികയായ ഷിജോയുടെ ഭാര്യയുടെ 14 വർഷത്തെ ശമ്പളം നൽകാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ തുടർനടപടി എടുത്തില്ലെന്ന് പിതാവ് വിഎൻ ത്യാഗരാജൻ ആരോപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഷിജോ മകന്‍റെ ഉന്നത വിദ്യാഭ്യാസം മുടങ്ങുമെന്ന അവസ്ഥയിലാണ് ജീവനൊടുക്കിയതെന്നും പിതാവ് പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിന്‍റെ ചുവപ്പുനാട കുരുക്ക് മകൻറെ ജീവനെടുത്തുന്നാണ് ത്യാഗരാജൻ പറയുന്നത്. നാറാണംമൂഴി സെൻറ് ജോസഫ് ഹൈസ്കൂളിൽ 2012 ലാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ ജോലിയിൽ കയറുന്നത്. മുൻപ് ജോലി ചെയ്യുകയും പിന്നീട് രാജിവച്ചു പോകുകയും ചെയ്ത അധ്യാപികയും ഇതേ തസ്തികയ്ക്ക് അവകാശവാദം ഉന്നയിച്ചു. 

തർക്കം കോടതി കയറി ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടിയെന്ന് ഷിജോയുടെ കുടുംബം പറയുന്നു. ശമ്പളം നൽകണമെന്ന കോടതി ഉത്തരവും അനുബന്ധ രേഖകളും ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഡിസംബർ നൽകിയതാണ്. എന്നാൽ, പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.

കോടതി ഉത്തരവുണ്ടായിട്ടും ഡി.ഇ.ഒ ഓഫീസിലെ ഉദ്യോഗസ്ഥരാണ് നടപടികൾ വൈകിപ്പിച്ചു. അവരാണ് മകന്‍റെ മരണത്തിന് ഉത്തരവാദി. സാമ്പത്തിക പ്രതിസന്ധി ഷിജോയുടെ മകന്‍റെ വിദ്യാഭ്യാസത്തിന് തടസ്സമായി.മകന്‍റെ ഭാര്യയുടെ ശമ്പള പ്രശ്നത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ട് പോലും ഉദ്യോഗസ്ഥർ കേട്ടില്ലെന്നും ത്യാഗരാജൻ ആരോപിച്ചു. മനംനൊന്താണ് മകൻ ജീവനൊടുക്കിയതെന്നും ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്നും ത്യാഗരാജൻ പറഞ്ഞു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗവും സിപിഎം പ്രാദേശിക നേതാവുമാണ് ത്യാഗരാജൻ.

ഒരു മകനാണ് ഷിജോയ്ക്കുള്ളത്. ഇറോ‍ഡിൽ എഞ്ചിനീയറിങിനുള്ള അഡ്മിഷൻ സമയമായിരുന്നു. ഭാര്യയുടെ ശമ്പള കുടിശ്ശിക കിട്ടുമ്പോൾ അതിന് വിനിയോഗിക്കാം എന്നായിരുന്നു കരുതിയത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി തടസ്സമായി. മാത്രമല്ല കൃഷിവകുപ്പിന് കീഴിൽ വിഎഫ്പിസികയിലെ ഫീൽഡ് സ്റ്റാഫാണ് ഷിജോ.

 അവിടെയും ശമ്പളം കിട്ടാനുണ്ടെന്ന് കുടുംബം പറയുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഷിജോയുടെ ഭാര്യക്ക് കഴിഞ്ഞ മാർച്ച് മുതൽ ശമ്പളം നൽകി തുടങ്ങിയെന്ന് ആണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വിശദീകരണം. കുടിശ്ശിക നൽകാനുള്ള നടപടികളും പുരോഗമിക്കുകയായിരുന്നു എന്നും ഡിഡി വ്യക്തമാക്കി.

YouTube video player