കുട്ടനാട്: കനത്ത മഴയെത്തുടർന്ന് നാലാം ദിനവും ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിലെ ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്. കുട്ടാനാട്ടിലെ ഏഴായിരത്തിലധികം വീടുകളിൽ വെള്ളത്തിലാണ്. ഇരുപതിനായിരത്തിലധികം പേരാണ് ജില്ലയിലെ 101 ദുരിതാശ്വാസ ക്യാമ്പുകളായി കഴിയുന്നത്.

ചെറുതും വലുതുമായ 19 പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായിട്ടുണ്ട്. കൈനകരിക്ക് പുറമെ മങ്കൊമ്പ്, പുളിങ്കുന്ന് മേഖലകളിലും മടവീഴ്ചയുണ്ടായി. വീടുകളിൽ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറുകയാണ് കുട്ടനാട്ടിലെ ആളുകൾ. ദുരിതങ്ങൾക്കിടിയിലും വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിൽ സ്വന്തം വീടുകളിൽ തുടരുന്നവരും കുറവല്ല.

അതിരൂക്ഷമായ മടവീഴ്ചയിൽ വീടും വസ്തുവും ഉൾപ്പെടെ എല്ലാം തകർത്തെറിയപ്പെട്ട നിരവധി പേർ കുട്ടനാട്ടിലുണ്ട്. വേദനയോടെ സ്വന്തം മണ്ണ് ഉപേക്ഷിച്ച് പോകുകയാണ് മിക്കവരും. മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടൻ ജനതയ്ക്ക് കനത്ത ആഘാതമാണ് മടവീഴ്ച മൂലം ഇത്തവണ ഉണ്ടായിരിക്കുന്നത്.