പാലക്കാട് പവർകട്ടിനെ തുടർന്ന് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ച് രോഗി മരിച്ചതായി പരാതി. വൈദ്യുതി തടസ്സപ്പെട്ടപ്പോൾ സഹായത്തിനായി വിളിച്ച വീട്ടുകാരോട്, എന്തുകൊണ്ട് ഇൻവെർട്ടർ വാങ്ങിയില്ലെന്ന് കെഎസ്ഇബി അധികൃതർ ചോദിച്ചതായി സോഷ്യൽ മീഡിയയിലൂടെ സാമൂഹ്യപ്രവർത്തകയായ ചിത്ര അഭയ് ചോദിച്ചു
പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ച് ശ്വാസം കിട്ടാതെ രോഗി മരിച്ചതായി പരാതി. ഇന്നലെ അർദ്ധരാത്രിയോടെ ഉണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്ന് ഓക്സിജൻ ലഭിക്കാതെയാണ് ഗുരുതരാവസ്ഥയിലായിരുന്ന വയോധികൻ മരണപ്പെട്ടത്. കറന്റ് പോയതിനെ തുടർന്ന് സഹായത്തിനായി വിളിച്ച വീട്ടുകാരോട് "എന്തുകൊണ്ട് വീട്ടിൽ ഇൻവെർട്ടർ വാങ്ങിയില്ല" എന്ന കെഎസ്ഇബി അധികൃതരുടെ മറുപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ സാമൂഹ്യപ്രവർത്തകയായ ചിത്ര അഭയ് എന്ന യുവതിയാണ് തങ്ങൾ നേരിട്ട ക്രൂരമായ അനുഭവം പങ്കുവെച്ചത്.
കഴിഞ്ഞ ആഴ്ചയാണ് ഒരു മിനിറ്റ് പോലും ഓക്സിജൻ സഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന രോഗിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചതെന്ന് ചിത്ര അഭയ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ ഇന്നലെ രാത്രി പ്രദേശത്ത് പവർ കട്ടുണ്ടായി. വൈദ്യുതി മുടങ്ങിയതോടെ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ചു. രോഗിയുടെ ഓക്സിജൻ ലെവൽ പെട്ടെന്ന് തന്നെ 39-40 ലേക്ക് താഴ്‌ന്നു. പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ കെഎസ്ഇബി ഓഫീസിലേക്ക് (ഫോൺ നമ്പർ: 0491 2537053) വിളിച്ച് സഹായം അഭ്യർത്ഥിച്ചു. എന്നാൽ കെഎസ്ഇബിയിൽ നിന്നും വളരെ നിരുത്തരവാദപരമായ പ്രതികരണമാണ് ഉണ്ടായതെന്ന് ചിത്ര പോസ്റ്റിൽ പറയുന്നു. വീട്ടിൽ എന്തുകൊണ്ട് ഇൻവെർട്ടർ വാങ്ങി വെച്ചില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം.
പിന്നീട് വൈദ്യുതി തിരികെ വരികയും ഓക്സിജൻ കോൺസെൻട്രേറ്റർ വീണ്ടും പ്രവർത്തിപ്പിക്കുകയും ചെയ്തെങ്കിലും രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തവെന്ന് ചിത്ര പറയുന്നു. നാടിനെ ഇരുട്ടിലാക്കുന്ന ഭരണാധികാരികൾ ഇതുപോലെയുള്ള സാധാരണക്കാരുടെ അവസ്ഥ മനസ്സിലാക്കണമെന്നും എല്ലാവർക്കും ലക്ഷങ്ങൾ വിലയുള്ള ഇൻവെർട്ടറുകളും ഓക്സിജൻ സിലിണ്ടറുകളും വാങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ടാകില്ലെന്നും ചിത്ര തന്റെ പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു. എന്നാൽ രോഗി ആരെന്നോ, എവിടെയാണ് സ്ഥലമെന്നോ പോസ്റ്റിൽ കുറിച്ചിട്ടില്ല. ഏത് കെഎസ്ഇബി ഓഫീസിലേക്കാണ് വിളിച്ചതെന്നോ ആരാണ് വിളിച്ചതെന്നോ പോസ്റ്റിൽ പറയുന്നില്ല.


