Asianet News MalayalamAsianet News Malayalam

നാടിനായി സിപിഎമ്മുകാരും ബിജെപിക്കാരും രാഷ്ട്രീയം മറന്ന് ഒന്നായി, കണ്ണൂരിൽ പുതിയ ബസിറങ്ങി

പത്തായക്കുന്ന് - കൊങ്കാച്ചി - ബ്രഹ്മാവ് മുക്ക് - മേലെ ചമ്പാട് - കോപ്പാലം വഴി തലശേരി, ഇതാണ് 'പാട്യം ജനകീയം' ബസിന്റെ റൂട്ട്. തലശേരിയിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരെയാണ് കൊങ്കാച്ചിയും കിഴക്കേ കതിരൂർ പ്രദേശവുമെല്ലാം

Pattiam Janakeeyam bus service Kannur CPIM BJP
Author
Pattiam, First Published Oct 8, 2020, 4:23 PM IST

കണ്ണൂരിന് എന്നും ചുവപ്പാണ് നിറം. ഏറെക്കാലമായി ബോംബ് സ്ഫോടനങ്ങളുടെയും വടിവാളുകളുടെയും രണ്ടറ്റത്ത് കണ്ണൂരിൽ കേട്ട പ്രധാന പേര് സിപിഎമ്മും ബിജെപിയുമാണ്. അവർ രാഷ്ട്രീയം മറന്ന് കൈകോർത്തതിന്റെ ഫലവും അവിടെ നിന്നുണ്ടായി. പാട്യം പഞ്ചായത്തിലെ 14, 16, 17 വാർഡുകാർ സ്വന്തമായി ഒരു ബസ് നിരത്തിലിറക്കി! ഈ നാട്ടുകാർ ഇനി അവരുടെ സ്വന്തം ബസിൽ തലശേരിക്ക് പോകും.

പത്തായക്കുന്ന് - കൊങ്കാച്ചി - ബ്രഹ്മാവ് മുക്ക് - മേലെ ചമ്പാട് - കോപ്പാലം വഴി തലശേരി, ഇതാണ് 'പാട്യം ജനകീയം' ബസിന്റെ റൂട്ട്. തലശേരിയിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരെയാണ് കൊങ്കാച്ചിയും കിഴക്കേ കതിരൂർ പ്രദേശവുമെല്ലാം. പക്ഷെ ബസ് സർവീസില്ല. ബസ് കിട്ടാനായി രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കണം. അതുകൊണ്ട് തന്നെ പ്രദേശത്തെ ഏറെ പേരും ആശ്രയിച്ചിരുന്നത് നാട്ടുകാരായ ഓട്ടോറിക്ഷക്കാരെയാണ്. ഒന്ന് പഞ്ചായത്തിൽ പോകണമെങ്കിലോ, റേഷൻ കടയിൽ പോകണമെങ്കിലോ നൂറ് രൂപ ചെലവാക്കേണ്ട സ്ഥിതിയായിരുന്നുവെന്ന് പറയുന്നു പ്രദേശത്തെ ബിജെപി പ്രാദേശിക നേതാവും പാട്യം ജനകീയ സമിതിയുടെ കൺവീനറുമായ ടിപി ശശീന്ദ്രൻ. 

"ഉൾപ്രദേശമാണിത്. നേരത്തെ ഒരു ബസുണ്ടായിരുന്നത് നഷ്ടമാണെന്ന് പറഞ്ഞ് മുതലാളി നിർത്തി. ഒന്നുകിൽ ദീർഘദൂരം നടന്ന് പോകണം. അല്ലെങ്കിൽ ഓട്ടോ വിളിക്കണം. ഇതായിരുന്നു സ്ഥിതി. അങ്ങിനെ വന്നപ്പോഴാണ് ഒരു ബസ് സ്വന്തമായി ഇറക്കാമെന്ന ഒരു ആശയം വന്നത്. അത് പിന്നെ രാഷ്ട്രീയ നേതൃത്വവുമായി ആലോചിച്ചു. സിപിഎമ്മിന്റെയും ബിജെപിയുടെയും വാർഡ് മെമ്പർമാർ തമ്മിൽ ചർച്ച ചെയ്തു. അങ്ങിനെയാണ് പിന്നെ ഇത് യാഥാർത്ഥ്യമായത്."- ശശീന്ദ്രൻ പറഞ്ഞു.

2019 നവംബർ രണ്ട് - ചർച്ച തുടങ്ങുന്നു

പത്തായക്കുന്ന്-കൊങ്കച്ചി-കിഴക്കേ കതിരൂർ റൂട്ടിൽ ഒരു ജനകീയ ബസ് ഇറക്കുന്നതിന്റെ ആദ്യ യോഗം നടന്നത് 2019 നവംബർ രണ്ടിനായിരുന്നു. പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളടക്കം 15 പേരാണ് അന്നത്തെ യോഗത്തിൽ ഉണ്ടായിരുന്നത്. ഇതിൽ പ്രധാനമായും ഭാഗമായത് സിപിഎമ്മും ബിജെപിയുമായിരുന്നു. നിലവിൽ പാട്യം പഞ്ചായത്തിലെ 14ാം വാർഡ് ബിജെപിയുടെയും 16, 17 വാർഡുകൾ സിപിഎമ്മിന്റെയും അംഗങ്ങളാണ്. വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ജനകീയ ബസ് എന്ന ആശയം പിറന്നത് അവിടെയായിരുന്നു.

പിന്നീട് മൂന്ന് വാർഡുകളിലെയും ജനങ്ങളെ വിളിച്ചുകൂട്ടി ഒരു പൊതുയോഗം നടത്തി. "പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു അന്ന് യോഗത്തിൽ ഉയർന്നുവന്ന പിന്തുണ," എന്ന് പാട്യം പഞ്ചായത്തിലെ കൊങ്കാച്ചി വാർഡ് (16) അംഗവും സിപിഎം നേതാവുമായ മനോഹരൻ പറഞ്ഞു. ഇദ്ദേഹമാണ് പാട്യം ജനകീയ സമിതിയുടെ ചെയർമാൻ. "ഇവിടെയുള്ള ആളുകൾക്ക് ബസ് ഒരു വലിയ പ്രശ്നമായിരുന്നു. ഒരു കെഎസ്ആർടിസി ബസ് അനുവദിച്ച് കിട്ടാനായി ശ്രമിച്ചെങ്കിലും അത് വിജയം കണ്ടില്ല. ഇതോടെയാണ് സ്വന്തമായി ബസ് എന്ന ആശയം ഉയർന്നുവന്നത്. പാട്യം ജനകീയം ബസ് ഈ പ്രദേശത്തുകാർക്ക് ഒരനുഗ്രഹം തന്നെയാണ്." മനോഹരൻ പറഞ്ഞു.

പൊതുയോഗത്തിൽ ഉയർന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ചർച്ചകൾ നടന്നത്. 25 ലക്ഷം രൂപ മൂലധനം സമാഹരിച്ച് ബസിറക്കാനായിരുന്നു ആലോചന. അതിന് വേണ്ടി 2019 ഡിസംബർ ആദ്യ വാരം തന്നെ ശ്രമം തുടങ്ങി. 2500 രൂപ വീതം വരുന്ന ആയിരം ഓഹരികളായിരുന്നു ലക്ഷ്യം. ഓഹരി സമാഹരണത്തിനായി മൂന്ന് വാർഡുകളെ അഞ്ചായി ഭാഗിച്ച് അഞ്ചംഗങ്ങളും ഒരു ലീഡറുമുള്ള സബ് കമ്മിറ്റികൾക്ക് ചുമതല വീതിച്ച് നൽകി. രണ്ടര മാസം കൊണ്ട് ആ പ്രയത്നം വിജയത്തിലെത്തി. പ്രദേശത്തെ കർഷകരും സർക്കാർ ജീവനക്കാരും വ്യാപാരികളും തുടങ്ങി നിരവധിയാളുകൾ ഓഹരി വാങ്ങാൻ മുന്നോട്ട് വന്നു. അതോടെ 2020 ഫെബ്രുവരിയോടെ 25 ലക്ഷം എന്ന ഓഹരി ലക്ഷ്യം പൂർത്തീകരിച്ചു.

ഇടിത്തീയായി കൊവിഡ്, പ്രതിസന്ധിയിലായ ദിവസങ്ങൾ

അശോക് ലെയ്‌ലാന്റിൽ നിന്ന് ഷാസിയും വാങ്ങി, മദ്രാസിൽ നിന്ന് തന്നെ ബോഡി നിർമ്മാണവും കഴിഞ്ഞപ്പോഴാണ് കൊവിഡിന്റെ വരവ്. ലോക്ക്ഡൗണും ജനം വീട്ടിലിരുന്നതും ജനകീയ സമിതിയുടെ ലക്ഷ്യങ്ങളെ തകിടം മറിച്ചു. 2020 മാർച്ചിൽ ബസ് നിരത്തിലിറക്കാനായിരുന്നു പദ്ധതി. അത് മുടങ്ങിപ്പോയതോടെ കാത്തിരിക്കാൻ സമിതി തീരുമാനിച്ചു.

പിന്നീട് ജൂണിൽ കൊവിഡ് ലോക്ക്ഡൗണിന് ഇളവ് അനുവദിച്ചതോടെ താത്കാലിക പെർമിറ്റോടെ ബസ് സർവീസ് നടത്തി. "നഷ്ടമായിരുന്നു. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് സർവീസ് നടത്തിയതും. അതൊരു പരീക്ഷണം കൂടിയായിരുന്നു," മനോഹരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. അന്ന് പത്തായക്കുന്ന്-കൊങ്കാച്ചി റൂട്ടിലായിരുന്നില്ല സർവീസ്. ഈ പ്രദേശങ്ങളോട് ചേർന്ന പ്രധാന പാതയിൽ കൂടിയായിരുന്നു. കൊവിഡ് സാഹചര്യമായതിനാൽ വണ്ടിക്ക് പെർമിറ്റും സമയവും കിട്ടാൻ വൈകി. ഇതോടെ കാത്തിരിപ്പ് നീണ്ടു. 

ഒടുവിൽ പെർമിറ്റ് ലഭിച്ചത് കഴിഞ്ഞ മാസമാണ്. ഇതോടെ ബസ് സർവീസിനായുള്ള കാത്തിരിപ്പിന് അവസാനവുമായി. ലോക്ക്ഡൗണിന് കൂടുതൽ ഇളവുകൾ അനുവദിച്ചതും ആളുകൾ തൊഴിലിന് പോയിത്തുടങ്ങുകയും ചെയ്തതോടെ പാട്യം ജനകീയം നിരത്തിലിറങ്ങി. ഇന്ന്, ഒക്ടോബർ ഏഴാം തീയതി പത്തായക്കുന്നിനെയും തലശേരി നഗരത്തെയും ബന്ധിപ്പിച്ച് രാവിലെ ഏഴരയ്ക്ക് പാട്യം ജനകീയം ആദ്യ സർവീസ് നടത്തി. 

കമ്മിറ്റിയും സബ്‌ കമ്മിറ്റികളും, ഇത് കണ്ണൂർ മാതൃക

കേഡർ പാർട്ടി ശീലം കണ്ണൂരിന്റെ ജനകീയ പ്രവർത്തനങ്ങളുടെ അടിത്തറയാണ്. പാട്യം ജനകീയ സമിതിയുടെ പ്രവർത്തനങ്ങൾക്കും അത് കരുത്തായി. നിലവിൽ ബസിന്റെ മേൽനോട്ടം പ്രധാന കമ്മിറ്റിയുടെ നിരീക്ഷണത്തിൽ തന്നെയാണ്. സ്ഥിരമായി രണ്ട് ജീവനക്കാരെയും രണ്ട് കണ്ടക്ടർമാരെയും നിയമിക്കാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കൊവിഡിനെ തുടർന്ന് ബസ് സർവീസ് നിർത്തിവച്ചതോടെ ജോലി ഇല്ലാതായ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും താത്കാലികമായി നിയമിച്ചിരിക്കുകയാണ്. ദൈനംദിന പ്രവർത്തനത്തിന്റെ മേൽനോട്ട ചുമതല ട്രഷററായ ശ്രീജിത്തിനാണ് നൽകിയിരിക്കുന്നത്. കൊവിഡ് സാഹചര്യം മാറിയാൽ കുറേക്കൂടി കാര്യക്ഷമമായി പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് മനോഹരൻ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ വിളനിലമായ കണ്ണൂരിൽ, രാഷ്ട്രീയത്തിനതീതമായ ഒരു ജനകീയ മാതൃക കൂടിയാണ് പാട്യം ജനകീയം ബസ് യാഥാർത്ഥ്യമാക്കുന്നത്.

Follow Us:
Download App:
  • android
  • ios