Asianet News MalayalamAsianet News Malayalam

പാവറട്ടി കസ്റ്റഡി മരണക്കേസ്; 7 എക്സൈസ് ഉദ്യോഗസ്ഥർ പ്രതികള്‍, സിബിഐ കുറ്റപത്രം നൽകി

ലഹരി വസ്‍തുക്കള്‍ വിൽപ്പന നടത്തിയതിന് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഉദ്യോഗസ്ഥർ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 

pavaratty custodial death cbi filed the chargesheet
Author
Thiruvananthapuram, First Published Feb 8, 2021, 4:41 PM IST

തിരുവനന്തപുരം: തൃശ്ശൂർ പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ സിബിഐ കുറ്റപത്രം നൽകി. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്കും സിബിഐ ശുപാർശ ചെയ്തു. കഞ്ചാവ് കേസിൽ അറസ്റ്റിലായ  തിരൂർ സ്വദേശിയായ രഞ്ജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

ഗുരുവായൂരിൽ വച്ച് രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രം. അനൂപ് കുമാർ, നിധിൻ, അബ്ദുൾ ജബ്ബാർ, ഉമ്മർ, മഹേഷ്, സ്മിബിൻ, ബെന്നി എന്നിവരാണ് പ്രതികൾ. ഇതിൽ അബ്ദുൾ ജബ്ബാർ, ഉമ്മർ, മഹേഷ്, സ്മിബിൻ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മറ്റുള്ളവർക്കെതിരെ അന്യായമായി തടങ്കലിൽ വയ്ക്കൽ, വ്യാജരേഖയുണ്ടാക്കൽ എന്നിവയാണ് ചുമത്തിയത്. 

2019  ഒക്ടോബർ ഒന്നാം തിയതിയാണ് രഞ്ജിത്തിനെ കസ്റ്റ‍ഡിയിലെടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തുന്നത്. പ്രതികളെ രക്ഷിക്കാൻ ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ച എക്സൈസ് സർക്കിൾ ഇൻസ്പെടർ ലിജോ ജോസിനെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് സിബിഐ സർക്കാരിനോട് ശുപാർശ ചെയ്തു. നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സാനു, പോസ്റ്റുമോർട്ടത്തിലും ഇൻക്വസ്റ്റിലും വീഴ്ച വരുത്തിയ പാവറട്ടി സിഎ ആയിരുന്ന ഫൈസൽ, ചാവക്കാട് തഹസിൽദാറായിരുന്ന സന്ദീപ് എന്നിവർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി ടി പി അനന്തകൃഷ്ണനാണ് എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്.

Follow Us:
Download App:
  • android
  • ios