തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ലാലി ഗോപകുമാറിന്‍റെ ഹൃദയം കോതമംഗലം സ്വദേശിയിൽ മിടിച്ച് തുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ആദ്യഘട്ട ശസ്ത്രക്രിയ വിജയകരം. തിരുവനന്തപുരത്ത് നിന്നും സർക്കാർ ഹെലികോപ്റ്ററിൽ ഇന്ന് വൈകീട്ടോടെയാണ് കൊച്ചിയിലേക്ക് ഹൃദയം എത്തിച്ചത്. നാല്  മിനിറ്റിനുള്ളില്‍  ലിസി ആശുപത്രിയിലേക്കുള്ള 6 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ആംബുലന്‍സ് ആശുപത്രിയിലേക്ക് എത്തിച്ച് ലിസ്സി ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ ശസ്ത്രക്രിയ തുടങ്ങി. ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സർക്കാർ എൽപി സ്കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് കോതമംഗലം സ്വദേശിനിയായ 49 കാരിക്ക് വേണ്ടി എത്തിച്ചത്. 

വെള്ളിയാഴ്ചയാണ് അധ്യാപികയായ ലാലി ഗോപകുമാറിന്‍റെ മസ്തിഷ്ക മരണം കിംസ് ആശുപത്രിയിൽ സ്ഥിരീകരിച്ചത്. അവയവ ദാനത്തിന് ബന്ധുക്കൾ സമ്മതമറിയിച്ചതോടെ കൊച്ചി ലിസി ആശുപത്രിയിൽ അവയവമാറ്റത്തിന് കാത്തിരിക്കുന്ന കോതമംഗലം സ്വദേശിനിക്ക് ഹൃദയം അനുയോജ്യമെന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയോടെ തന്നെ ഹൃദയം കൊച്ചി ആശുപത്രിയിൽ എത്തിക്കാൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിക്കാൻ  മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. തുടര്‍ന്ന് ഇന്ന്  രാവിലെ 11.00 ലാലിയുടെ ഹൃദയത്തിന് തകരാറുകളൊന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ഹൃദയം ശരീരത്തിൽനിന്ന് വേർപ്പെടുത്തുന്ന ശസ്ത്രക്രിയ ആരംഭിച്ചു.

ഉച്ചയ്ക്ക് 2.37 ന് വേർപെടുത്തിയ ഹൃദയം ആംബുലൻസിലേക്ക്. 2.39 ന് ആംബുലൻസ് കിംസ് ആശുപത്രിയിൽ നിന്ന് വിമാനത്താവളത്തിലേക്ക് എത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2.52 ന്  ഹെലികോപ്റ്റർ കൊച്ചിയിലേക്ക് പറന്നുയരുന്നു. 3.49 ഹൃദയം ഹെലികോപ്റ്ററിൽ കൊച്ചിയില്‍ എത്തിച്ചു. 3.53 ഹൃദയം ആംബുലൻസിലേക്ക്. നാല് മിനിറ്റിനുള്ളില്‍ 3.57 ന് ഹൃദയം ലിസി ആശുപത്രിയിൽ എത്തിച്ചു. 4.05 ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിച്ചു. എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്‍റെ നേതൃത്വത്തിലാണ് അവയവം കൊച്ചിയിലെത്തിച്ചത്. 

ഒരു മാസമായി സർക്കാരിന്റെ അവയവദാന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു കോതമംഗലം സ്വദേശിനി. ഇന്നലെ ചെക്കപ്പിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴാണ് ഹൃദയം ലഭിക്കുമെന്ന വാർത്ത അറിഞ്ഞതെന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന കോതമംഗലെ സ്വദേശിയുടെ ഭർത്താവ് ഷിബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതസജ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ഒരു മാസമായപ്പോഴാണ് വിവരം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

<

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കോടികള്‍ മുടക്കി വാടകയ്ക്കെടുത്ത പൊലീസ് ഹെലികോപ്ടറിന്റെ ആദ്യ പറക്കലാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടികള്‍ മുടക്കി പൊലീസ് ആവശ്യത്തിനെന്ന പേരിൽ ഹെലികോപ്റ്റർ വാടക്കെടുക്കാനുള്ള സർക്കാർ തീരുമാനം വൻ വിവാദമായിരുന്നു. മറ്റ് സ്വകാര്യ കമ്പനികളെല്ലാം തള്ളി ദില്ലി ആസ്ഥാനമായ പവൻ ഹൻസ് എന്ന കമ്പനിക്ക് 20 മണിക്കൂർ പറക്കാൻ ഒരു കോടി 44 ലക്ഷത്തി 60,000 രൂപക്ക് കരാർ നൽകിയതാണ് വിവാദമായത്.