Asianet News MalayalamAsianet News Malayalam

എകെ ശശീന്ദ്രൻ്റെ മന്ത്രി പദവിയിൽ ഒരു ചർച്ചയും നടന്നിട്ടില്ല, തീരുമാനിക്കേണ്ടത് ശരത് പവാർ: പിസി ചാക്കോ

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ എകെ ശശീന്ദ്രന് പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പാര്‍ട്ടിയില്‍ കലാപം തുടങ്ങിയിരുന്നു

PC Chacko says no discussion happened over AK Saseendran ministership
Author
First Published Sep 2, 2024, 7:46 PM IST | Last Updated Sep 2, 2024, 7:45 PM IST

കൊച്ചി: എ കെ ശശീന്ദ്രനെ മാറ്റണമെന്ന ആവശ്യം എൻസിപി സംസ്ഥാന നേതൃത്വം ചർച്ച ചെയ്തിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. മന്ത്രിയെ മാറ്റൽ തൻ്റെ അധികാര പരിധിയിൽ വരുന്നതല്ല. അത്തരം ആവശ്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ശരത് പവാറാണ്. സംസ്ഥാന നേതൃത്വം ഇത്തരമൊരു കാര്യം ചർച്ച ചെയ്തിട്ടില്ല. ഇന്ന് ചേർന്നത് സെപ്‌തംബർ 19 ന് നടക്കുന്ന മണ്ഡല യോഗത്തെ കുറിച്ചുള്ള യോഗമാണെന്നും കൊച്ചിയിൽ നടന്ന ഡിസിസി പ്രസിഡൻ്റുമാരുടെ യോഗത്തിൽ മന്ത്രിയെ മാറ്റാൻ ഒരു ചർച്ചയും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ ഒരു വിഷയം ശരത് പവാറുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും അഭിപ്രായ വ്യത്യാസം പറഞ്ഞാൽ പരിഹാരം കാണും. പാർട്ടിയിൽ പല പ്രശ്നങ്ങളും ഉണ്ടാകും. പക്ഷെ, എല്ലാവരും സുഹൃത്തുക്കളാണ്. തോമസ് കെ തോമസുമായും നല്ല സൗഹൃദമാണ്. പാർട്ടിയിൽ തനിക്ക് ശത്രുക്കൾ ഇല്ല. മന്ത്രി പദവിയുമായി ബന്ധപ്പെട്ട് രണ്ടര വർഷക്കാലം എന്ന ധാരണയെക്കുറിച്ച് ഇന്ന് നടന്ന യോഗത്തിൽ ചർച്ചയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനാണ് സമ്മർദ്ദം ചെലുത്തുന്നത്. തോമസ് കെ തോമസ് എംഎൽഎയാണ് മന്ത്രിസ്ഥാനത്തിനായി സമ്മർദ്ദം ശക്തമാക്കിയത്. പിസി ചാക്കോയുടെ പിന്തുണ ഇദ്ദേഹത്തിനുണ്ട്. മന്ത്രി സ്ഥാനത്തു നിന്ന് മാറാൻ ശശീന്ദ്രൻ മാറണമെന്നാണ് ഇരുവരുടെയും നിലപാട്. എന്നാൽ ശശീന്ദ്രൻ ഈ ആവശ്യത്തോട് ഒട്ടും വഴങ്ങിയിട്ടില്ല. മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാൽ താൻ എംഎൽഎ സ്ഥാനവും രാജിവെക്കും എന്നാണ് ശശീന്ദ്രൻ്റെ ഭീഷണി. ഇതോടെ വിഷയത്തിൽ അന്തിമ തീരുമാനം ശരദ് പവാറിന് വിട്ടു.

ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് തനിക്ക് ഒന്നും അറിയില്ലെന്നാണ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചത്. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ല. തന്നോട് ആരും ചർച്ച നടത്തിയിട്ടില്ല. കുറെ കാലമായി ഇത്തരത്തിൽ വാർത്ത വരുന്നുണ്ട്. പാർട്ടിയിൽ അങ്ങിനെ ഒരു ചർച്ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ എകെ ശശീന്ദ്രന് പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പാര്‍ട്ടിയില്‍ കലാപം തുടങ്ങിയിരുന്നു. പക്ഷേ മാറ്റം ഉണ്ടായില്ല. എങ്കില്‍ രണ്ടരവര്‍ഷം കഴിഞ്ഞ് മാറണമെന്ന ഉപാധിവച്ചു. അതിനും എകെ ശശീന്ദ്രന്‍ വഴങ്ങിയില്ല. സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുടെയും മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്‍റെ പിടിവള്ളി. അടുത്തിടെ ചില മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പടെ ഇടപെട്ട് തോമസ് കെ തോമസിനെയും പിസി ചാക്കോയെയും അനുനയത്തിലെത്തിച്ചു. ഇതോടെയാണ് തോമസ് കെ തോമസ് നീക്കം കടുപ്പിച്ചത്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണ കൂടി നേടിയാണ് ശശീന്ദ്രനെതിരായ പടയൊരുക്കം.  മന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യം അറിയിച്ചെങ്കിലും പറ്റില്ലെന്നാണ് ശശീന്ദ്രന്‍റെ നിലപാട്. മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയാല്‍ എലത്തൂര്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്നാണ് ഭീഷണി.

Latest Videos
Follow Us:
Download App:
  • android
  • ios