പാലാ: പാലാ ഉപതെര‌ഞ്ഞെടുപ്പില്‍ എന്‍ഡിഎ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ് എംഎല്‍എ രംഗത്ത്. ബിജെപിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്നാണ് പി സി ജോര്‍ജ് പറയുന്നത്. ബിജെപി ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളത്. ഇത് മാറാതെ ബിജെപിക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു. എന്‍ഡിഎയുടെ ഘടകക്ഷിയാണ് ജോര്‍ജിന്‍റെ പാര്‍ട്ടിയായ ജനപക്ഷമുന്നണി. 

പാലായില്‍ ബിജെപിക്ക് വിജയസാധ്യത ഇല്ലെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. പിസി ജോർജിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ള പ്രതികരിച്ചത്. ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കും.  ഈ മാസം 30ന് എൻഡിഎ യോ​ഗം ചേരും. ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിൽ ഒന്നാണ് പാലാ എന്നും ശ്രീധരൻ പിള്ള പ്രതികരിച്ചിരുന്നു.